വൈദ്യുതിയില്ലാത്ത ഇന്ത്യയിലെ കൊട്ടാരം; ബില്‍ ക്ലിന്റണ്‍, രാജീവ് ഗാന്ധി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവര്‍ ഇവിടെ താമസിച്ചിട്ടുണ്ട്!

ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ താമസിച്ച കൊട്ടാരത്തിന്റെ പ്രത്യേകതള്‍ ആരും പെട്ടെന്നു വിശ്വസിക്കില്ല. ഒന്നാമത്തെ കാരണം കൊട്ടാരത്തില്‍ വൈദ്യുതി ഇല്ല എന്നതാണ്. രാജസ്ഥാനിലെ രണ്‍ഥഭോര്‍ ദേശീയോദ്യാനത്തിലാണ് ഈ കൊട്ടാരം. രണ്‍ഥംഭോറിന്റെ ഹൃദയം എന്നു വിളിക്കപ്പെടുന്ന ജോഗി മഹല്‍- ആണ് സഞ്ചാരികളുടെ സ്വപ്നക്കൊട്ടാരം. നാഷണല്‍ പാര്‍ക്കിന്റെ സോണ്‍ മൂന്നില്‍ ജോഗി മഹല്‍ തടാകക്കരയിലാണ് ജോഗി മഹല്‍ സ്ഥിതിചെയ്യുന്നത്.

700 വര്‍ഷത്തോളം പഴക്കമുള്ള, ചരിത്ര പ്രാധാന്യമുള്ള കെട്ടിടമാണ് ജോഗി മഹല്‍. രണ്‍ഥംഭോറിലെ ഭരണാധികാരി റാവു ഹമ്മിര്‍ തന്റെ ഗുരുവിനു വേണ്ടി പണികഴിപ്പിച്ചതാണ് ഇത്. ഈ ഇരുനില കെട്ടിടത്തില്‍ എട്ടിലേറെ മുറികളുണ്ട്. നാഥ് വിഭാഗത്തിലെ ആളുകളെ ജോഗി എന്നും വിളിക്കും, അങ്ങനെയാണ് ഈ സ്ഥലത്തിനു ജോഗി എന്ന പേരു ലഭിക്കുന്നത്. നിലവില്‍ ജോഗി മഹല്‍ ഫോറസ്റ്റ് റെസ്റ്റ് ഹൗസ് ആണ്. അതേസമയം, കടുവാ സംരക്ഷണകേന്ദ്രമായതിനാല്‍ പ്രവേശനം നിയന്ത്രണവിധേയവുമാണ്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ജോഗി മഹലില്‍ താമസിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍ കുടുംബവും ഇവിടെ താമസിച്ചിരുന്നു. മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരും ശ്രദ്ധേയരായ സന്ദര്‍ശകരാണ്. ജോഗി മഹലിനു മറ്റൊരു പ്രത്യേകതയുണ്ട്. വൈദ്യുതി ഇല്ലാതെയാണ് വിവിഐപികള്‍ ഇവിടെ താമസിച്ചത്!

ഇനിയുണ്ട് ദേശീയ ഉദ്യാനത്തിന്റെ പ്രത്യേകതകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആല്‍മരം സ്ഥിതിചെയ്യുന്നത് ജോഗി മഹലിനു സമീപമാണ്. കൊല്‍ക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഏറ്റവും വലിയ ആല്‍മരം പടര്‍ന്നുനില്‍ക്കന്നത്. 2000ല്‍ രണ്‍ഥംഭോര്‍ സന്ദര്‍ശിച്ചപ്പോള്‍ ബില്‍ ക്ലിന്റണ്‍ ഈ ആല്‍മരത്തെ ദി വാര്‍ഡിംഗ് ട്രീ- എന്നാണു വിളിച്ചത്. ജോഗി മഹല്‍ രണ്‍ഥംഭോറിന്റെ പ്രകൃതിസൗന്ദര്യത്തിനുള്ളില്‍ ചരിത്രപരവും സാംസ്‌കാരികവുമായ പ്രധാന അടയാളമായി തെളിഞ്ഞുനില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *