ലാല്‍ ജോസ് ജനപ്രിയ സംവിധായകനാണ്. വ്യത്യസ്തമായ ശൈലിയിലൂടെ, വിഷയവൈവിധ്യങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ചലച്ചിത്രകാരന്. മഹാവിജയങ്ങളും പരാജയങ്ങളുമൊക്കെ ചേര്‍ന്നതാണ് ലാല്‍ ജോസ് എന്ന സംവിധായകന്റെ ജീവിതം. മീശമാധവന്, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, 41, മ്യാവു തുടങ്ങി വ്യത്യസ്തങ്ങളായ എത്രയോ ചിത്രങ്ങള്‍… തന്റെ സിനിമാജീവിതത്തിലെ ചില നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹം.
1998ല്‍ ആണ് ‘ഒരു മറവത്തൂര്‍ കനവ്’ എന്ന എന്റെ ആദ്യ സിനിമ സംഭവിക്കുന്നത്. സ്വതന്ത്ര സംവിധായകനാകുന്നതിനു മുമ്പ് ഒമ്പതു വര്‍ഷത്തോളം അസിസ്റ്റന്റ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സിനിമയിലെ മുപ്പതിലേറെ വര്‍ഷം… അതൊരു വലിയ യാത്രയാണ്, വേറിട്ട ഒരു യാത്ര എന്നും പറയാം.
ഒറ്റപ്പാലത്തെ ഗ്രാമപ്രദേശത്ത് ജനിച്ചു വളര്‍ന്ന ഞാന്‍ ഒരിക്കലും സിനിമയില്‍ വരുമെന്നു കരുതിയിരുന്നില്ല. പഠനകാലത്ത് സിനിമ കാണുന്നത് ഇഷ്ടമാണ് എന്നതിലുപരി സിനിമ മനസില്‍ കൊണ്ടു നടന്നിട്ടില്ല. സിനിമയുമായി ബന്ധമൊന്നുമില്ലാത്ത കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാത്ത ഒരു കാലഘട്ടം ആയിരുന്നു അത്. സിനിമയില്‍ വരണമെന്നോ, സംവിധായകനാകണമെന്നോ തുടങ്ങിയ ആഗ്രഹങ്ങളൊന്നും മനസില്‍ പോലും ഉണ്ടായിട്ടില്ല.
ഡിഗ്രി പഠനം കഴിഞ്ഞപ്പോള്‍ ദുബായില്‍ ഒരു ജോലി ശരിയായി. ജോലിയുമായി ബന്ധപ്പെട്ടാണ് മാനുവല്‍ കളര്‍ പ്രോസസിങ് പഠിക്കാന്‍ ചെന്നൈയിലേക്ക് വണ്ടികയറുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റിങ് എനിക്ക് അറിയാമായിരുന്നു. പഠിക്കുന്ന കാലത്ത് കേരള കൗമുദി ദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ടറും ഫോട്ടോഗ്രഫറും ഒറ്റപ്പാലം ഏജന്റുമായിരുന്നു ഞാന്‍. പത്രത്തിലെ ജോലിയുടെ ആവശ്യത്തിന് അവിടെയുള്ള ഒരു സ്റ്റുഡിയോയില്‍ നിന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രോസസിങ് പഠിച്ചിരുന്നു.
അക്കാലത്ത് മുംബൈയിലും ചെന്നൈയിലുമായിരുന്നു ഈ കോഴ്സ് ഉണ്ടായിരുന്നത്. മുംബൈയ്ക്കാണ് ഞാന്‍ വണ്ടി കയറിയിരുന്നതെങ്കില്‍ എന്റെ ജീവിതം മാറിപ്പോകുമായിരുന്നു. ചെന്നൈയിലേക്ക് വണ്ടി കയറാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. എന്റെ സുഹൃത്തും സഹപാഠിയും ഗായകനുമായ ദിനേശ് ചെന്നൈയിലുണ്ട്. അക്കാരണത്താല്‍ എനിക്കു വീട്ടില്‍നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചു. അവിടെയുണ്ടായ പരിചയങ്ങളില്നിന്നു സിനിമയിലേക്ക് ഞാനറിയാതെ എത്തിപ്പെടുകയായിരുന്നു.









