ഉത്തര്‍പ്രദേശ് : വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഐപിഎൽ ടീം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം യാഷ് ദയാല്‍. യുവതി ചികിത്സയുടെ പേരിൽ ലക്ഷക്കണക്കിന് രൂപ തന്റെ പക്കൽ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നും രണ്ട് ഗാഡ്ജെറ്റുകൾ മോഷ്ടിച്ചുവെന്നും യാഷ് വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ കേസിന്റെ വിശ്വാസ്യതയെ തകർക്കാൻ ഉദ്ദേശിച്ചല്ലെന്നും ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പ്രയാഗ് രാജ് പൊലീസിൽ നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നും താരം പറയുന്നു.
ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയുമായി പരിചയപ്പെട്ടതെന്നാണ് യാഷ് ദയാല്‍ പോലീസിനോട് പറഞ്ഞു. സൌഹൃദം ദൃഢമായതോടെ പല പല ആവശ്യങ്ങൾ പറഞ്ഞ് യുവതി പണം കൈപറ്റി. പ്രധാനമായും കുടുംബാംഗങ്ങളുടെ ചികിത്സയുടെ പേരിലാണ് പണം വാങ്ങിയതെന്നും യാഷ് പൊലീസിനോട് പറഞ്ഞു. തിരികെ തരാമെന്ന് പറഞ്ഞ് വാങ്ങിയ ലക്ഷങ്ങൾ മാസങ്ങൾ പിന്നിട്ടിട്ടും നൽകിയില്ല.. മാത്രമല്ല ഷോപ്പിങിന് വേണ്ടി നിരന്തരം പണം കടംവാങ്ങിയെന്നും യാഷ് ആരോപിച്ചു. ഇതിനെല്ലാം ഡിജിറ്റൽ തെളിവുകളും ബാങ്ക് സ്റ്റേറ്റ്മന്റും ഹാജരാക്കാൻ തയ്യാറാണെന്നും യാഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഏതാനും ദിവസം മുൻപാണ് യാഷിനെതിരെ യുവതി പൊലീസിൽ പീഡനപ്പരാതി നൽകിയത്. പരാതി വിശദമായി പരിശോധിച്ച് യുവതിയുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷം ഇന്നലെയാണ് യാഷ് ദയാലിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 69-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് താരത്തിനെതിരേ ചുമത്തിയിട്ടുള്ളത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതിപരിഹാര പോർട്ടലിലാണ് യുവതി പരാതിനൽകിയത്.
ആറ് വര്‍ഷത്തോളമായി ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും അയാള്‍ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തന്നെ മാത്രമല്ല നിരവധി പെണ്‍കുട്ടികളെയും ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു. ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന ചാറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍, വീഡിയോ കോള്‍ രേഖകള്‍, ഫോട്ടോകള്‍ എന്നിവ തെളിവായി തന്റെ പക്കലുണ്ടെന്നും യുവതി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
കേസിൽ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസിനോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ആവശ്യപ്പെട്ടിട്ടിരുന്നു. 2025 ജൂണ്‍ 14-ന് വനിതാ ഹെല്‍പ്പ് ലൈനിലും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ആ പരാതിയിൽ തീരുമാനമാവാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പരാതി പരിഹാരസെല്ലിനെ സമീപിച്ചത്. ഇത്തവണ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിക്കായി 15 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരമാണ് യാഷ്.