തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് വൻ തിരിച്ചടിയായി കീം ഫലം റദ്ദാക്കി ഹൈക്കോടതി.
കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന യോഗ്യതാ പരീക്ഷാ യുടെ റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് നിർദേശിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേരള സിലബസ് വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടി കോടതി റദ്ദാക്കി. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തിൽ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് തെറ്റാണെന്ന് ജസ്റ്റിസ് ഡി.കെ.സിങ് ചൂണ്ടിക്കാട്ടി.
മാർക്ക് ഏകീകരണത്തിനുള്ള പുതിയ ക്രമീകരണം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ സിലബസിൽ പ്ലസ് ടു പാസായ വിദ്യാർഥിനി ഹന ഫാത്തിമയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പരീക്ഷാ പ്രോസ്പെക്ടസിലെ നിർദേശങ്ങൾക്ക് വിരുദ്ധമാണ് പുതിയ ക്രമീകരണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മുൻ സമവാക്യം അനുസരിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളേക്കാൾ മാർക്ക് കുറയുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ ക്രീമീകരണം ഏർപ്പെടുത്തിയത്. കൊണ്ടുവന്നത്. ഈ മാസം ഒന്നിനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന ഫലങ്ങൾ പ്രഖ്യാപിച്ചത്.
കിം ഫലം റദ്ദാക്കിയ കാര്യം നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോടതിവിധി ഇന്ന് തന്നെ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. സർക്കാറിന് ഈ വിഷയത്തിൽ എന്തെങ്കിലും പ്രത്യേക താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഭൂരിഭാഗം വിദ്യാർഥികളുടേയും ഭാവിയാണ് സർക്കാർ പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു. കോടതിവിധി പരിശോധിച്ച ശേഷം തുടർന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.