മലപ്പുറം :എ.ടി.എം കൗണ്ടറുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവിനെ സാഹസികമായി പിടികൂടി മലപ്പുറം പൂക്കോട്ടുംപാടം പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയാണ് പ്രതിയായ രോഹിത്ത് മോഹൻലാൻ ചൗധരിയെ പൊലീസ് പിടികൂടിയത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം മോഷണം നടത്തിയിരുന്നത്.
കഴിഞ്ഞ മെയ് 18നാണ് മലപ്പുറം കരുളായി എ.ടി.എം കൗണ്ടറിൽ നിന്നും ഇരുപതിനായിരം രൂപ വീതം മൂന്ന് പേരുടെ പണം മോഷണം പോയതായുളള പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പാലക്കാട് വെച്ച് പ്രതികളിലേക്ക് വിരൽ ചൂണ്ടുന്ന പ്രധാന തെളിവ് ലഭിച്ചത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണ സംഘം മഹാരാഷ്ട്രയിലുണ്ടെന്ന വിവരം ലഭിച്ചു. പൂക്കോട്ടുംപാടം പൊലീസ് ഇവിടെയെത്തി നടത്തിയ അന്വേഷണത്തിൽ നാഗ്പൂരിലെ ഉൾഗ്രാമത്തിൽ സംഘം കഴിയുന്നതായുള്ള വിവരം ലഭിച്ചു. അതി സാഹസികമായി പ്രതികൾ താമസിക്കുന്ന സ്ഥലത്തെത്തിയ പൊലീസ് രോഹിത്ത് മോഹൻലാൻ ചൗധരിയെ പിടികൂടിയെങ്കിലും ഇയാളുടെ ഭാര്യ നൽകിയ വിവരത്തെ തുടർന്ന് കൂട്ടാളികൾ രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി അഞ്ചുദിവസം പൊലീസ് കാംപ് ചെയ്ത് പരിശോധന നടത്തിയെങ്കിലും കൂട്ടുപ്രതിയെ ലഭിച്ചില്ല
പ്രത്യേക രീതിയിലാണ് എടിഎം മോഷണ. എ.ടി.എമ്മിനുള്ളിൽ കയറുന്ന പ്രതികളിൽ ഒരാൾ പണം പുറത്തേക്ക് വരുന്ന ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ ബോക്‌സ് സ്ഥാപിക്കും. പണം എടുക്കാനായി ആരെങ്കിലും കൗണ്ടറിലെത്തി പണം പിൻവലിക്കാനുള്ള നടപടികൾ പൂർത്തീകരിക്കുകയും മെഷീനിന് ഉള്ളിൽ നിന്ന് പണം എണ്ണുന്ന ശബ്ദവും പുറത്തെത്തിയ പണം എടുക്കാനുള്ള നിർദ്ദേശവും വന്നാലും പുറത്തെത്തിയ പണം കാണതെ ഉപഭോക്താക്കൾ മടങ്ങും. ഈ സമയം തക്കം പാർത്ത് മാറി നിൽക്കുന്ന മോഷ്ടക്കാൾ കൗണ്ടറിനുള്ളിൽ കയറി മുൻപ് ഇവിടെ സ്ഥാപിട്ടുള്ള ബോക്‌സ് എടുത്തുമാറ്റി പണം കൈക്കലാക്കി മടങ്ങുന്നതാണ് രീതി.
എന്നാൽ അക്കൗണ്ടിൽ നിന്ന് പണം പോയതായുള്ള വിവരവുമായി ഉപഭേക്താക്കൾ ബാങ്കിനെ സമീപിക്കുകയും പരിശോധന നടത്തുകയും ചെയ്താലും തകരാറൊന്നും മനസിലാവാതെ വരികയും പണം നഷ്ടമാവുകയും ചെയ്യുന്ന സഹചര്യത്തിലാണ് പരാതി പൊലീസിലെത്തുന്നത്. കരുളായിയെ കൂടാതെ വാണിയമ്പലത്തും പാലക്കാട്, തൃശൂർ ജില്ലകളിലും ഒട്ടനവധി സ്ഥലങ്ങളിൽ സമാനമായ രീതിയിൽ ഇവർ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. നാഗ്പൂരിൽ നിന്ന് കാറിലെത്തി ഇത്തരത്തിൽ മോഷണം നടത്തി മടങ്ങുന്നതാണ് ഇവരുടെ രീതി.
തെളിവുകളൊന്നും അവശേഷിക്കാതെ നടത്തിയ മോഷണത്തിൽ സമീപ ജില്ലകളിലെ സി.സി.ടി.വി, കോൾ റെക്കോർഡുകൾ ഉൾപടെ പരിശോധിച്ചാണ് പൊലീസ് വിദഗ്തമായി പ്രതികളെ കണ്ടെത്തിയത്.
നിലമ്പൂർ ഡി.വൈ.എസ്.പി സാജു കെ എബ്രഹാമിന്റെയും പൂക്കോട്ടുംപാടം ഇൻസ്‌പെക്ടർ വി.അമീറലിയുടെയും നിർദ്ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിയാദ്, സാനിർ, സലീൽ ബാബു, സജീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് നാഗ്പൂരിലെത്തി പ്രതിയെ പിടികൂടിയത്. മോഷണം നടന്ന കരുളായി എ.ടി.എമ്മിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.