കൊച്ചി :ഡാർക് നെറ്റ് ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബുവിനെയും കൂട്ടാളിയെയും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉടൻ കസ്റ്റഡിയിൽ വാങ്ങും.
എഡിസന്റെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള നിർണായക വിവരങ്ങൾ എൻസിബിക്ക് ലഭിച്ചിട്ടുണ്ട്. ജയിലിലുള്ള എഡിസന്റെ ഇടപാടുകാരെ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്. നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ എഡിസൺ ബാബുവും കൂട്ടാളി അരുൺ തോമസും ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലാണ് കഴിയുന്നത്. ഇരുവരുടെയും കസ്റ്റഡിക്കായി തിങ്കളാഴ്‌ച അന്വേഷണ സംഘം എറണാകുളം കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഒരു കോടിയിലേറെ മൂല്യമുള്ള ക്രിപ്റ്റോ കറൻസി എഡിസൻ്റെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ പത്തോളം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും എൻസിബിക്ക് ലഭിച്ചു.