മുംബൈ : ബാൽ താക്കറെയുടെ പിന്തുടർച്ചാവകാശത്തെ ചൊല്ലി വേർപിരിഞ്ഞ ബന്ധുക്കളായ രാജും ഉദ്ധവ് താക്കറെയും വെള്ളിയാഴ്ച മുംബൈയിൽ ഒരു വേദി പങ്കിട്ടു .രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആണ് ഇവർ ഒരുമിച്ചെത്തുന്നത്.യോഗത്തിൽ ഇരുവരും മറാത്തി പ്രൈഡ് വിളിച്ചോതുകയും മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.
ബിഎംസി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഞങ്ങൾ ഒരുമിച്ച് നിൽക്കുമോ എന്ന് പലരും സംശയം ഉന്നയിക്കുന്നുണ്ട്. മറാത്തിക്ക് വേണ്ടിയാണ് ഞങ്ങൾ ഇവിടെയുള്ളതെന്നും മറാത്തിക്ക് വേണ്ടി ഞങ്ങൾ ഒരുമിച്ച് നിൽക്കുമെന്നും വോർലിയിൽ നടന്ന ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെ പറഞ്ഞു .
ഇന്നുമുതൽ ഞങ്ങൾ ഒരുമിച്ചാണ്. ഞങ്ങൾ ഒന്നിച്ചു, അതിനാൽ വീണ്ടും അവർ നമ്മളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമെന്നു താക്കറെ സഹോദരങ്ങൾക്കിടയിൽ ഭിന്നത വിതയ്ക്കാനുള്ള ശ്രമങ്ങളെ പരാമർശിച്ചുകൊണ്ട് ഉദ്ധവ് കൂട്ടിച്ചേർത്തു. ബാലാസാഹേബ് താക്കറെയല്ല, ബിജെപി നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് രണ്ട് താക്കറെമാരെയും ഒടുവിൽ ഒന്നിപ്പിച്ചതെന്ന് താക്കറെ പ്രഖ്യാപിച്ചു.
20 വർഷങ്ങൾക്ക് ശേഷമാണ് ഞാനും ഉദ്ധവും ഒന്നിക്കുന്നതെന്നും ബാലാസാഹേബ് താക്കറെയ്ക്ക് ചെയ്യാൻ കഴിയാത്തത് ദേവേന്ദ്ര ഫഡ്‌നാവിസിന് ചെയ്യാൻ കഴിഞ്ഞു എന്നും രാജ് മറാത്തിയിൽ പറഞ്ഞപ്പോൾ ഇരു വിഭാഗങ്ങളുടെയും പിന്തുണക്കാർ കൈയടിയോടെയാണ് സ്വീകരിച്ചത്.
സാംസ്കാരിക അടിച്ചേൽപ്പിക്കലിനെതിരെ മഹാരാഷ്ട്രയിൽ വിമർശനങ്ങൾ വർദ്ദിച്ചു വരുന്ന സാഹചര്യമാണ്. സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പിൻവലിച്ചതിനെത്തുടർന്ന്, വർദ്ധിച്ചുവരുന്ന രാഷ്ട്രീയ അസംതൃപ്‍തി ചൂടേറിയ സാഹചര്യത്തിലാണ് താക്കറെമാരുടെ പുനഃസമാഗമം നടക്കുന്നത്.
എന്തുകൊണ്ടാണ് കുട്ടികളിൽ ഹിന്ദി നിർബന്ധിക്കുന്നതെന്നും മഹാരാഷ്ട്രയുടെ ഭാഷാപരമായ സ്വത്വത്തെ ബിജെപി ദുർബലപ്പെടുത്തുന്നുവെന്നും രാജ് ആരോപിച്ചു. ഈ നീക്കം വെല്ലുവിളിക്കപ്പെട്ടില്ലെങ്കിൽ, അടുത്ത ഘട്ടം മുംബൈയെ മഹാരാഷ്ട്രയിൽ നിന്ന് വേർപെടുത്താനുള്ള ശ്രമമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
താക്കറെ ബന്ധുക്കളെയും അവരുടെ അനുയായികളെയും അക്രമികളായി മുദ്രകുത്തിയ വിമർശകർക്ക് മറുപടിയായി ,അതെ, ഞങ്ങൾ ഗുണ്ടകളാണ്; നീതി ലഭിക്കാൻ ഗുണ്ടകളാകേണ്ടി വന്നാൽ, ഞങ്ങൾ ഗുണ്ടാഗിരി ചെയ്യുമെന്നു ഉദ്ദവ് പറഞ്ഞു. നിങ്ങളുടെ അധികാരം നിയമസഭയിലാണ്. ഞങ്ങൾക്ക് തെരുവിലും അധികാരമുണ്ട്. ഉദ്ദവ് കൂട്ടിച്ചേർത്തു .
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥയെയും രാജ് ലക്ഷ്യം വച്ചു, കുടിയേറ്റം ധാരാളമായി തുടരുന്ന പ്രദേശങ്ങളെ ഉന്നമിപ്പിക്കുന്നതിൽ ഹിന്ദിയുടെ ഫലപ്രാപ്തിയെ അദ്ദേഹം ചോദ്യം ചെയ്തു. “ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നു. ഈ സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണ്. എന്തുകൊണ്ടാണ് ഹിന്ദി അവരുടെ പുരോഗതിയെ സഹായിച്ചില്ല?” അദ്ദേഹം ചോദിച്ചു.
റാലിയുടെ ഭാഗമായി, ശിവസേന (യുബിടി) വക്താവ് ആനന്ദ് ദുബെ ഈ പരിപാടിയെ ഒരു സുവർണ്ണകാലം എന്നാണ് വിശേഷിപ്പിച്ചത്. നല്ല സ്ഥാപിതമായ ബ്രാൻഡുകളായ രണ്ട് താക്കറെമാരും രാഷ്ട്രീയം കാരണമല്ല, മറിച്ച് മഹാരാഷ്ട്രയുടെ ബഹുമാനത്തിനു വേണ്ടിയാണ് ഒന്നിക്കുന്നത് എന്ന് ആനന്ദ് ദുബൈ പറഞ്ഞു.