കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

തൃശ്ശൂര്‍ : കേരളത്തിലേക്ക് വലിയതോതിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ അംഗം പൊലീസ് പിടിയിൽ. രാസലഹരിയുമായി പിടികൂടിയ ചാവക്കാട് സ്വദേശികളിലൂടെ നടത്തിയ അന്വേഷണത്തിലാണ് ഹരിയാന സ്വദേശി അറസ്റ്റിലായത്. ഫാസല്‍പൂര്‍ സ്വദേശിയായ സീമ സിന്‍ഹയെയാണ് പിടിയിലായത്. കേരളത്തിലേക്ക് രാസലഹരി കടത്തുന്നതില്‍ പ്രധാനിയും രാജ്യത്തെ പലയിടങ്ങളിലേക്കും വിദേശത്തുനിന്നും ലഹരി എത്തിക്കുന്നയാളുമാണ് പിടിയിലായ സിമ സിൻഹയെന്ന് പോലീസ് പറയുന്നു.

ഫെബ്രുവരി 28-നാണ് ചാവക്കാട് സ്വദേശികളായ ഫസല്‍, നെജില്‍ എന്നിവരെ 47 ഗ്രാം രാസലഹരിയുമായി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയത്. ഇവർക്ക് എവിടുന്നാണ് രാസലഹരി ലഭിച്ചത് എന്നതിന്റെ ഉറവിടം തേടിപ്പോയ അന്വേഷണസംഘം എത്തിയത് ബെംഗളൂരു കമ്മനഹള്ളിയിലുള്ള ഭരത് എന്ന കര്‍ണാടക സ്വദേശിയിലാണ്. ഇയാളെ അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി, ഹരിയാണ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലേക്ക് എത്തി. ഹരിയാണയിലെ ഗുരുഗ്രാമിലുള്ള സീമ സിന്‍ഹ എന്ന പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയയ്ക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.ഈ അക്കൌണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഇവർ അറസ്റ്റിലായത്.

സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ, അസിസ്റ്റന്റ് കമ്മിഷണര്‍ സലീഷ് എന്‍. ശങ്കരന്റെയും ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോയുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പത്തിലധികം ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. പ്രതിദിനം ഈ അക്കൌണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പണം എത്തിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. ഇതിൽ കേരളത്തിൽ നിന്നുള്ള അക്കൌണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികായണ്.

കേരളത്തിലേക്ക് വലിയതോതിൽ രാസലഹരി എത്തുന്നുണ്ടെന്നും ഇതിന്റെ ചെറിയൊരു അംശം മാത്രമാണ് പിടിക്കപ്പെടുന്നതെന്നും വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *