ട്രിനിഡാഡ് : ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്കുള്ള സന്ദർശന വേളയിൽ നരേന്ദ്ര മോദി, പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറിനെ “ബീഹാർ കി ബേട്ടി” എന്ന് വിശേഷിപ്പിച്ചു. ബീഹാറിലെ ബക്സർ പട്ടണവുമായുള്ള അവരുടെ പൂർവ്വിക ബന്ധത്തെ സൂചിപ്പിച്ചാണ് നരേന്ദ്ര മോദി അനുമോദിച്ചത് . പോർട്ട് ഓഫ് സ്പെയിനിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന വേളയിൽ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വംശപരമ്പര, സംസ്കാരം, ആത്മീയ അടുപ്പം എന്നിവ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
“രക്തം കൊണ്ടോ കുടുംബപ്പേര് കൊണ്ടോ മാത്രമല്ല ഞങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത്, സ്വന്തക്കാർ എന്ന ആത്മബന്ധമാണ് ഞങ്ങളെ ബന്ധിപ്പിക്കുന്നത്,” മോദി പറഞ്ഞു, പെർസാദ്-ബിസെസ്സർ മുമ്പ് ബക്സർ സന്ദർശിച്ചിട്ടുണ്ടെന്നും അവിടം അവരുടെ കുടുംബ ചരിത്രത്തിന് ആഴത്തിലുള്ള പ്രാധാന്യമുള്ള ഒരു പട്ടണമാണെന്നും കൂട്ടിച്ചേർത്തു. ആളുകൾ അവരെ ബീഹാറിന്റെ മകളായി കണക്കാക്കുന്നു- അദ്ദേഹം അഭിപ്രായപ്പെട്ടു.
പിയാർകോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച കമല പെർസാദ്-ബിസെസ്സർ സ്വീകരിച്ചു. 38 മന്ത്രിമാരും നാല് പാർലമെന്റ് അംഗങ്ങളും പങ്കെടുത്ത ഒരു ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകിയാണ് മോദിയെ വരവേറ്റത്.
“ലോകത്തിലെ ഏറ്റവും ആദരണീയനും, ഏറ്റവും ആദരിക്കപ്പെടുന്നതുമായ ദീർഘവീക്ഷണമുള്ള നേതാക്കളിൽ ഒരാൾ” എന്ന് മോദിയെ വിശേഷിപ്പിച്ച പെർസാദ്-ബിസെസ്സർ, “നിങ്ങൾ ഉയർന്നുവന്ന അതേ അനുഗ്രഹീത മണ്ണിൽ” നിന്നുള്ള പൂർവ്വികർ ആയ ഇന്തോ-ട്രിനിഡാഡിയൻ സമൂഹത്തിന് അദ്ദേഹത്തിന്റെ വരവ് പ്രതേകതയുള്ളതായും അവർ പറഞ്ഞു.
1987-ൽ പൊതുജീവിതത്തിലേക്ക് പ്രവേശിച്ചതിനുശേഷം, അവർ കരീബിയൻ പ്രദേശത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി, അറ്റോർണി ജനറൽ, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ വഹിച്ചു. ദക്ഷിണേഷ്യയ്ക്ക് പുറത്ത് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യൻ വംശജയായ വനിത, കോമൺവെൽത്ത് അധ്യക്ഷയായ ആദ്യ വനിത എന്നീ ബഹുമതികളും അവർക്കുണ്ട്.
ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ജനസംഖ്യയുടെ ഏകദേശം 40 ശതമാനത്തിന്റെയും വംശപരമ്പര ഇന്ത്യയുടേതാണ്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 5.5 ലക്ഷം ഇന്ത്യൻ വംശജർ കരീബിയൻ രാജ്യത്ത് താമസിക്കുന്നു, ഇതിൽ ഭൂരിഭാഗവും 1845 നും 1917 നും ഇടയിൽ എത്തിയ കരാറുകാരായ തൊഴിലാളികളിൽ നിന്നുള്ളവരാണ്. ഇതിൽ 1,800 പേർ നിലവിൽ പ്രവാസി ഇന്ത്യക്കാരാണ്. ജോധ്പൂരിനേക്കാൾ ചെറുതാണെങ്കിലും, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാചകരീതി, ഭാഷ, സംഗീതം, അനുഷ്ഠാനങ്ങൾ എന്നിവയിൽ ശക്തമായ ഇന്ത്യൻ സ്വാധീനം നിലനിർത്തിയിട്ടുണ്ട്.
ട്രിനിഡാഡിലെയും ടൊബാഗോയിലെയും ആറാം തലമുറയിലെ ഇന്ത്യൻ വംശജർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡുകൾ ഇനി മുതൽ നൽകുമെന്ന് മോദി വെളിപ്പെടുത്തി .