കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാർഡ് കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. .പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം.കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് അന്വേഷണം ആരംഭിക്കും . തകർന്നുവീണ കെട്ടിടം റവന്യൂ സംഘം ഇന്ന് പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് നൽകാണാന് നിർദേശം . സംഭവത്തിൽ പ്രതിപക്ഷം ശക്തമായ സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ ബിന്ദു കുളിക്കാനായാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. ബിന്ദു അപകടത്തിൽപ്പെട്ട വിവരം ഭർത്താവ് ആണ് ആദ്യം സംശയം ഉന്നയിച്ചത്. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടന്നതിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത് എന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി .
ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.
എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു. അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആരോഗ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ന് വൈകുന്നേരമാണ് കെപിസിസി ആഹ്വാനം ചെയ്ത പ്രതിഷേധം നടക്കുക. ജൂലൈ 8ന് എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ നടത്താനും തീരുമാനമുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്കാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ മാര്‍ച്ച്. ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് രാവിലെ പത്തരയ്ക്ക് ബി.ജെ.പിയും മാര്‍ച്ച് നടത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുസ്ലിം യൂത്ത് ലീഗും മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തും.
അതെ സമയം ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള പ്രവർത്തകരുടെ എഫ്ബി പോസ്റ്റുകൾ പാർട്ടി പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പിജെയുടെ പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു എന്നും സിപിഐഎം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം എൻ രാജീവിന്റെ പോസ്റ്റ് പ്രത്യക്ഷത്തിൽ മന്ത്രിക്കെതിരെ അല്ല എന്നും രാജു എബ്രഹാം പറഞ്ഞു. വാർത്തകളിൽ അവ മന്ത്രിക്കെതിരെ എന്ന് വ്യാഖ്യാനിക്കപ്പെട്ടുവെന്നും രണ്ട് വിഷയവും പാർട്ടി ഗൗരവമായിത്തന്നെ പരിശോധിക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കി.

മെഡിക്കൽ കോളജ് അപകടം സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കുന്നതിൻ്റെ ഭാഗമായി ജില്ലാ കളക്ടർ ജോൺ വി സാമുവൽ അപകട സ്ഥലം സന്ദർശിക്കുന്നു