കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയത് താനാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സംഘം അവിടെ എത്തിയപ്പോള്‍ വിവരങ്ങള്‍ കൈമാറിയത് താനാണ്. പ്രാഥമികമായി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ല എന്ന വിവരം മന്ത്രിമാരെ അറിയിച്ചതെന്ന് ഡോ. ജയകുമാര്‍ പറഞ്ഞു.
തകര്‍ന്നു വീണ ശൗചാലയങ്ങളുടെ ഭാഗം മാത്രമല്ല ആ കെട്ടിടമാകെ തന്നെ അപകടാവസ്ഥയിലാണെന്ന് സൂപ്രണ്ട് വ്യക്തമാക്കി. 2016-ല്‍ വിവരം അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ശ്രദ്ധയില്‍പെടുത്തി. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, കെട്ടിടം ഉപയോഗിക്കാനാകുമോ അതോ പൊളിച്ചുകളയണമോ എന്ന് പിഡബ്ല്യുഡിയോട് പരിശോധിക്കാന്‍ പറഞ്ഞിരുന്നുവെന്നു. രണ്ട് ഏജന്‍സികള്‍ പഠനം നടത്തിയിട്ടും പൂര്‍ണമായും പൊൡച്ചു നീക്കണോ അതോ ബലപ്പെടുത്തണോ എന്ന കാര്യത്തില്‍ വ്യക്തത വന്നില്ല. ഏറ്റവുമൊടുവില്‍ മൂന്നാമത് ഒരു ഏജന്‍സിയാണ് കെട്ടിടം പൂര്‍ണമായം പൊളിക്കണമെന്ന് റിപ്പോര്‍ട്ട് തന്നത്.
പുതിയ കെട്ടിടം നിര്‍മിച്ച് അവിടേക്ക് സംവിധാനങ്ങളെല്ലാം മാറ്റേണ്ടതുണ്ടായിരുന്നു. 2021ല്‍ കിഫ്ബി സ്‌കീം ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം പൂര്‍ത്തിയായി. അതിലേക്ക് പഴയ കെട്ടിടത്തില്‍ നിന്ന് എല്ലാ സംവിധാനങ്ങളും മാറ്റുന്നതിന് പടിപടിയായി നടപടികള്‍ സ്വീകരിച്ചു വരികയായിരുന്നു. ജൂലൈ 31നകം പൂര്‍ണമായും കെട്ടിടം ഒഴിപ്പിക്കാന്‍ നിശ്ചയിച്ച് നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണതെന്ന് സൂപ്രണ്ട് വ്യക്തമാക്കി.