മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി; കരിങ്കൊടി, പ്രതിഷേധം, ആരോപണ പ്രത്യാരോപണം

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തെത്തുടര്‍ന്ന് അപകട സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരും ജില്ലാ കളക്ടറും ആശുപത്രി അധികൃതരുമടക്കമുള്ളവരുമായി മുഖ്യമന്ത്രി വിശദമായ ചര്‍ച്ച നടത്തി. ബിന്ദുവിന്റെ കുടംബത്തെയും മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. മുഖ്യമന്ത്രി പകല്‍ മേഖലാ തല യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്.
സര്‍ക്കാരിന്റെ വീഴ്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകള്‍ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. കോട്ടയത്തെത്തിയ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കെ.എസ്.യു. പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസും മുസ്ലീം യൂത്ത് ലീഗും പ്രതിഷേധ പരിപാടികളുമായി രംഗത്തുവന്നു.
ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. കേരളത്തിന്റെ ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രിയാണ് വീണാ ജോര്‍ജ്ജെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി എത്രയും പെട്ടെന്ന് രാജിവെച്ച് പുറത്തുപോകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം നടന്നില്ല എന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. രക്ഷാപ്രവര്‍ത്തനം നടക്കാത്തതിന് കാരണം ആരോഗ്യമന്ത്രിയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായത് ഗുരുതരമായ അനാസ്ഥയാണ്.ഇന്ന് രാവിലെ പോലും ആളുകള്‍ ഉപയോഗിച്ച കെട്ടിടം കാലങ്ങളായി പൂട്ടിയിട്ടിരിക്കുകയാണെന്ന് മന്ത്രി കള്ളം പറഞ്ഞു. ആരോ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങി അത് പറയുകയാണ് ആരാഗ്യമന്ത്രി. ഒരാളെ കാണാതായെന്ന് വിവരം ലഭിച്ചിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയില്ല. കിട്ടിയ തെറ്റായ വിവരം വച്ചു രക്ഷാപ്രവര്‍ത്തനം ഇല്ലാതാക്കിയെന്നും സതീശന്‍ പറഞ്ഞു.
എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് പറയുന്നത് ശരിയല്ലെന്നും ജെസിബി സ്ഥലത്തേയ്ക്ക് എത്തിക്കാന്‍ തടസ്സമുണ്ടായെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സംഭവം നടന്ന് തൊട്ടടുത്ത നിമിഷം തന്നെ താന്‍ സ്ഥലത്തെത്തി. രണ്ട് പേരെ രക്ഷിച്ചതായാണ് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കി പരിശോധന നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജെസിബി വിളിച്ചുവരുത്തിയത്. ജെസിബി അപകട സ്ഥലത്തേയ്ക്ക് എത്തിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടു. നാല് ഭാഗത്തും കെട്ടിടമുള്ള സ്ഥലത്താണ് അപകടമുണ്ടായത്. കെട്ടിടം പൊളിച്ച് ജെസിബി ഉള്‍ഭാഗത്തേയ്ക്ക് എത്തിക്കുന്നത് സാധ്യമായ കാര്യമല്ലെന്ന് മനസിലായി. മുകള്‍ ഭാഗത്തെ വഴിയിലൂടെ കയറ്റാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചു. എന്നാല്‍ ഗ്രില്‍ തടസ്സമായി. ഗ്രില്‍ അറുത്തുമാറ്റിയാണ് ജെസിബി സ്ഥലത്തേയ്ക്ക് എത്തിച്ചതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *