വിവാഹിതയായ സ്ത്രീയ്ക്ക് , വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വാദം ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പാലക്കാട് ആലത്തൂര്‍ സ്വദേശിയായ എസ്. സായൂജിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഫോട്ടോയും വീഡിയോയും പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ഹര്‍ജിക്കാരനെതിരായി യുവതി നല്‍കിയ പരാതി. തുടര്‍ന്ന് ജൂണ്‍ 13 ന് ആണ് പോലീസ് സായൂജിനെ അറസ്റ്റ് ചെയ്തത്.
ആരോപണങ്ങള്‍ തെറ്റാണെന്നും പരാതിക്കാരി വിവാഹിതയാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്. സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് അടിസ്ഥാനമെന്നും സായൂജിന്റെ അഭിഭാഷകന്‍ വാദിച്ചു. പരാതിക്കാരി വിവാഹിതയാണെന്ന് പ്രോസിക്യുഷന്‍ തന്നെ പറയുന്ന സാഹചര്യത്തില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണം നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. 50,000 രൂപയുടെ സ്വന്തം ബോണ്ടും തുല്യതുകയുടെ രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഹര്‍ജിക്കാരന് കോടതി ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *