ആലപ്പുഴ ജില്ലയിലെ ഓമനപ്പുഴയില്‍ എയ്ഞ്ചല്‍ ജാസ്മിനെ പിതാവ് ഫ്രാന്‍സിസ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത് മകളുടെ സ്വതന്ത്ര ജീവിത ശൈലി മൂലമുണ്ടായ അഭിമാനക്ഷതത്തെ തുടര്‍ന്ന്. കൊലപാതകത്തില്‍ എയ്ഞ്ചലിന്റെ അമ്മ ജെസി മോള്‍ക്കും പങ്ക്. കൊലപാതക വിവരം മറച്ചു വച്ച അമ്മാവനും പ്രതി.
എയ്ഞ്ചല്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥിരമായി രാത്രി പുറത്തേക്കു പോയിരുന്നു. ഇതിനെ ചൊല്ലി ഏതാനും ദിവസം മുന്‍പും അച്ഛനും മകളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇനിമുതല്‍ രാത്രിയില്‍ വീട്ടില്‍ നിന്ന് പുറത്തുപോകരുതെന്ന് താക്കീതും നല്‍കിയിരുന്നു. രാത്രി പുറത്തുപോകുന്ന എയ്ഞ്ചല്‍ ഏകദേശം ഒരു മണിക്കൂര്‍ പുറത്തു ചെലവഴിച്ച ശേഷമാണ് തിരികെയെത്താറ്. എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ചില നാട്ടുകാര്‍ ഫ്രാന്‍സിസിനോട് സംസാരിച്ചിരുന്നു. ഇതാണ് ഇയാള്‍ക്ക് കടുത്ത അഭിമാനക്ഷതമുണ്ടാക്കിയത്. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാന്‍സിസ് ശകാരിക്കുകയും മര്‍ദിക്കുകയും ചെയ്തു. വഴക്കിനിടെ ഫ്രാന്‍സിസ് എയ്ഞ്ചലിന്റെ കഴുത്തില്‍ ഞെരിച്ചു. തുടര്‍ന്ന് തോര്‍ത്തിട്ടു മുറുക്കി. ഫ്രാന്‍സിസ് തോര്‍ത്തുപയോഗിച്ച് കഴുത്ത് മുറുക്കിയപ്പോള്‍ എയ്ഞ്ചല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോള്‍ കൈകാലുകള്‍ പിടിച്ചുവെച്ചത് ജിസ്മോളാണ്. ഫ്രാന്‍സിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും സംഭവസമയത്തു വീട്ടിലുണ്ടായിരുന്നു.
എയ്ഞ്ചലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോര്‍ത്ത് വീടിനോട് ചേര്‍ന്നുള്ള ഷെഡിനു മുകളില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. എയ്ഞ്ചല്‍ മരിച്ചുവെന്ന് ഉറപ്പായിട്ടും വീട്ടുകാര്‍ രാത്രി മുഴുവന്‍ ഇക്കാര്യം മറച്ചുവെച്ചു. പുലര്‍ച്ചെ ആറിന് എയ്ഞ്ചലിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നു പറഞ്ഞു ഇവര്‍ കരഞ്ഞതോടെയാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞത്. കരച്ചില് കേട്ടെത്തിയ അയല്‍വാസികളോട് മകള്‍ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തുമ്പോള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയില്‍ കഴുത്തിലെ പാട് ശ്രദ്ധയില്‍പെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്. തുടര്‍ന്നു ഫ്രാന്‍സിസിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകമാണെന്നു സമ്മതിക്കുകയായിരുന്നു.
കൊലപാതക വിവരം മറച്ചുവച്ച കുറ്റത്തിന് അമ്മാവന് അലോഷ്യസിനെയും കേസില്‍ പ്രതി ചേര്‍ക്കും. അലോഷ്യസും ജെസി മോളും പൊലീസ് കസ്റ്റഡിയിലാണ്. അറസ്റ്റിലായ ഫ്രാന്‍സിസിനെ പൊലീസ് കൊലനടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിലുടനീളം ശാന്തനായാണു ഫ്രാന്‍സിസ് നിലകൊണ്ടത്.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്നിഷ്യനായി ജോലി നോക്കുന്ന എയ്ഞ്ചല്‍ ഭര്‍ത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം.