അച്ഛൻ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയിൽ ;അമ്മയ്ക്കും പങ്കുണ്ടോയെന്നു സംശയമെന്നു പോലീസ്

ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍.’അമ്മ ജെസ്സി മോളെ ആണ് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജെസ്സിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. അച്ഛൻ ജോസിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചുവെന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ജെസിമോള്‍ക്കെതിരെ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നത്.

തിങ്കളാഴ്ച രാത്രിയാണ് ഇവരുടെ മകൾ ജാസ്മിന്‍ (29) കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യ വിവരം . മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി. ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം .

ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തിയിരുന്നു. പിതാവ് ജാസ്മിന്റെ കഴുത്ത് ഞെരിക്കുകയും അബോധാവസ്ഥയില്‍ ആയതോടെ വീട്ടുകാരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയുമായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായതു.

എന്നാല്‍ വീട്ടുകാര്‍ക്ക് വിവരമറിയാമായിരുന്നിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചുവെന്നതും ഞെട്ടിക്കുന്നതാണ്. പിറ്റേ ദിവസമാണ് വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുന്നത്. താന്‍ തനിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാര്‍ക്ക് വിവരം അറിയില്ലെന്നുമായിരുന്നു ജോസ്മോന്‍ പറഞ്ഞത്. എന്നാല്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊലപാതകം നടത്തിയത് വീട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു.മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ ജോസ്മോന്‍ പൊലീസിനോട് പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *