‘കെറ്റാമെലോണ്‍’ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്ന് ശൃംഖലയെ ഡാര്‍ക്ക് വെബില്‍ പിന്തുടരുമ്പോള്‍ കൊച്ചി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ആദ്യം വിചാരിച്ചിരുന്നില്ല രാജ്യത്തെ ഏറ്റവും വലിയ ഡാര്‍ക്ക്‌നെറ്റ് ശൃംഖലയാണ് തങ്ങളുടെ വലയില്‍ പെട്ടിരിക്കുന്നതെന്ന്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മൂവാറ്റുപുഴ സ്വദേശി എഡിസന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ശൃംഖലയെ എന്‍സിബി തകര്‍ത്തു. എഡിസന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഏകദേശം 35.12 ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഒരെണ്ണത്തിന് 2500 മുതല്‍ 4500 രൂപ വരെ വിലവരുന്ന എല്‍എസ്ഡി സ്റ്റാമ്പുകളുമടക്കമാണ് പിടിച്ചെടുത്തത്. ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റുകളിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിച്ച പെന്‍ ഡ്രൈവ്, ഒന്നിലധികം ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍, ഇടപാടുകളുടെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകള്‍, ഒരു ഹാര്‍ഡ് വെയര്‍ വാലറ്റ് എന്നിവയും കണ്ടെത്തി. പിടിച്ചെടുത്തവയുടെ ആകെ മൂല്യം ഒരു കോടി രൂപയാണ്.
വിപണനംചെയ്യുന്ന മയക്കുമരുന്നിന്റെ തോതും വിലയും അടിസ്ഥാനമാക്കി ഡാര്‍ക്ക്‌നെറ്റിലെ കാര്‍ട്ടലുകള്‍ക്ക് ഒരു സ്റ്റാര്‍മുതല്‍ അഞ്ചുസ്റ്റാര്‍വരെ റേറ്റിങ് നല്‍കുന്നുണ്ട്. ഇതില്‍ ഇന്ത്യയിലെ ഏക ലെവല്‍-4 ഡാര്‍ക്ക്‌നെറ്റ് ഇടപാടുകാരനായിരുന്നു എഡിസണെന്ന് എന്‍സിബി വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ ഡാര്‍ക്ക്‌നെറ്റില്‍ സജീവമാണ്. ഇംഗ്ലണ്ടില്‍നിന്നാണ് മയക്കുമരുന്നെത്തിച്ചത്. എല്‍എസ്ഡി ബ്ലോട്ടുകള്‍ ഓരോന്നിനും 2500 മുതല്‍ 4000 രൂപവരെ വിലയുണ്ട്.
നാല് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് 28-ന് കൊച്ചിയിലെ മൂന്ന് തപാല്‍ പാഴ്സലുകളില്‍നിന്ന് 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ എന്‍സിബി പിടിച്ചെടുത്തത്. അന്വേഷണത്തില്‍ മൂവാറ്റുപുഴ സ്വദേശി പാഴ്സലുകള്‍ ഡാര്‍ക്ക്‌നെറ്റ് വഴി ഓര്‍ഡര്‍ ചെയ്തതായി കണ്ടെത്തി. 29-ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ബാക്കിസാധനങ്ങള്‍ പിടിച്ചെടുത്തത്.