സിദ്ധാർത്ഥന്റെ മരണം : മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ സർക്കാർ കെട്ടിവെക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി : പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ കുടുംബത്തിനുള്ള നഷ്ടപരിഹാരമായി മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച ഏഴു ലക്ഷം രൂപ സർക്കാർ കെട്ടിവെക്കാൻ ഹൈക്കോടതി നിർദേശം. 10 ദിവസത്തിനുള്ളിൽ തുക കെട്ടിവയ്ക്കണം എന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ഏഴ് ലക്ഷം രൂപ നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി കോടതിയുടെ മുന്നിലാണ്. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ഹർജി സമർപ്പിക്കാൻ സർക്കാർ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് വരുത്താൻ പൊലീസ് ധൃതിപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹതയായിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് സിദ്ധാർത്ഥൻ സഹപാഠികളുടെ അതിക്രൂര റാഗിങിന് ഇരയായിരുന്നു.ഫെബ്രുവരി 14ന് ക്യാംപസിൽ സംഘടിപ്പിച്ച വാലന്റൈന്‍സ് ഡേ പരിപാടിക്കിടെ സിദ്ധാർത്ഥൻ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹോസ്റ്റലിൽവെച്ച് സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനും ഇരായയത്.

സിദ്ധാർത്ഥൻ്റെ മരണത്തിൽ, മുൻ ഡീനും അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.പ്രതികളായ വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ തടഞ്ഞുകൊണ്ടുള്ള ഉത്തരവും ഹൈക്കോടതി പുറപ്പെടുവിച്ചു. തുടർന്ന്, പ്രതികൾക്ക് മണ്ണുത്തി ക്യാമ്പസിൽ താൽക്കാലികമായി പഠനം തുടരാൻ അനുമതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *