എംജിആര്‍-ജയലളിത ചരിത്രം ആവര്‍ത്തിക്കുമോ?, വിജയ്ക്ക് രാഷ്ട്രീയത്തിലും തുണയാകാന്‍ തൃഷ

എംജി രാമചന്ദ്രനും അദ്ദേഹത്തിന്റെ രഹസ്യഭാര്യയായ ജയലളിതയും തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തില്‍ ജനപ്രിയരായി മാറിയ ചരിത്രത്തിന് വിജയ്-തൃഷ താര ജോഡികളിലൂടെ തുടര്‍ച്ചയുണ്ടാകുമോ എന്ന ചര്‍ച്ചയിലാണ് ആരാധകര്‍. രാഷ്ട്രീയത്തിലിറങ്ങി അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള നീക്കങ്ങളില്‍ വിജയ് മുഴുകിയിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയാകാനുള്ള തൃഷയുടെ മോഹം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ താന്‍ മുഖ്യമന്ത്രിയാകുമെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ തൃഷ പറയുന്ന പഴയൊരു വീഡിയോ ആണ് ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്.
വിജയും തൃഷയും തമ്മിലുള്ളത് സൗഹൃദത്തിനും മുകളിലുള്ള ബന്ധമാണെന്നത് പരസ്യമായ രഹസ്യമാണ്. അതിനുള്ള തെളിവുകള്‍ ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളായും പരസ്പരമുള്ള കരുതലിന്റെ വാര്‍ത്തകളായും വന്നുകൊണ്ടിരിക്കുന്നുണ്ട്. വിജയിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി തൃഷയും രാഷ്ട്രീയത്തിലേക്ക് വരുമോ വിജയ്‌ക്കൊപ്പം മത്സരിക്കാന്‍ രംഗത്തിറങ്ങുമോ തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
വിജയ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് മുഖ്യമന്ത്രിയായാല്‍ തൃഷയുടെ റോള്‍ എന്തായിരിക്കുമെന്നത് കൗതുകത്തിനപ്പുറമുള്ള ചോദ്യമായി തമിഴ്‌നാട്ടില്‍ വളരുകയാണ്. എംജി രാമചന്ദ്രന്‍ മുഖ്യമന്ത്രിയായ ശേഷം ജയലളിതയുമായുള്ള ബന്ധം വളര്‍ന്നു പന്തലിച്ചതും എംജിആറിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ജയലളിത പിന്നീട് മാറിയതും ചരിത്രമാണ്. ഈ ചരിത്രം മറ്റൊരു രൂപത്തില്‍ വിജയ്-തൃഷ ജോഡികളിലൂടെ ആവര്‍ത്തിക്കുമോ എന്ന് തമിഴകം ഉറ്റുനോക്കുന്നു.
എന്നാല്‍ ഇതിനെ ആശങ്കയോടെ കാണുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം ഗായിക സുചിത്ര ഒരഭിമുഖത്തില്‍ ഇക്കാര്യം മറയില്ലാതെ പ്രകടിപ്പിച്ചു. ‘പലരും വിജയ്-തൃഷ ബന്ധത്തെ എം.ജി.ആര്‍-ജയലളിത ബന്ധവുമായി താരതമ്യം ചെയ്യുന്നുണ്ട്. എം.ജി.ആറിന്റെ ജീവിതത്തില്‍ കയറിവന്ന അട്ടയായിരുന്നു ജയലളിത. എംജിആറില്‍ നിന്നും ജയലളിത എല്ലാ രാഷ്ട്രീയ തന്ത്രങ്ങളും പഠിച്ചു, പിന്നീട് അദ്ദേഹത്തെ തന്നെ സൈഡാക്കി. കരുണാനിധിക്ക് പോലും അതില്‍ സങ്കടം ഉണ്ടായിരുന്നു. ജയലളിത തന്റെ സുഹൃത്തായ എം.ജി.ആറിനോട് ഇങ്ങനെ പെരുമാറുന്നത് കരുണാനിധിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. വിജയും ഭാര്യ സംഗീതയും വീണ്ടും പഴയപോലെയാകണം. വിജയുടെ ഈഗോ കാരണം ചെറിയ വഴക്കിന്റെ പേരിലാണ് ഇരുവരും പഴയ നല്ല ബന്ധത്തില്‍ അല്ലാത്തത്, അതിനിടയിലാണ് തൃഷയെപ്പോലുള്ള അട്ടകള്‍ കയറിവരുന്നത്. ലിഫ്റ്റില്‍ നിന്നും എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ മുതല്‍ വിജയിക്ക് മുകളില്‍ അവകാശം സ്ഥാപിക്കാന്‍ അവള്‍ എത്രത്തോളം ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാണ്’- സുചിത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *