കര്‍ണ്ണാടകയിലെ കാനറ ബാങ്കില്‍ നിന്ന് 53 കോടി രൂപ മൂല്യമുള്ള ആഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. വിജയകുമാര്‍ മിറിയാല (41) കൂട്ടാളികളായ ചന്ദ്രശേഖര്‍ നെരല്ല(38), സുനില്‍ നരസിംഹലു(40) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ വിജയകുമാര്‍ മിറിയാല കാനറ ബാങ്കിലെ മാനേജര്‍ ആണ്.
കര്‍ണ്ണാടകയില്‍ വിജയപുര ജില്ലയിലെ മനഗുളി ടൗണിലുള്ള കാനറ ബാങ്കില്‍ കഴിഞ്ഞ മാസം 25 നാണ് കവര്‍ച്ച നടന്നത്. ബാങ്കില്‍ നിന്ന് 58.97 കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. വിജയകുമാര്‍ മേയ് ഒന്‍പതിന് ഈ ബ്രാഞ്ചില്‍ നിന്ന് റൊണിഹാല്‍ ശാഖയിലേക്ക് മാറിയിരുന്നു. എന്നാല്‍ അവിടെ നിന്ന് മാറുന്നതിന് മുന്‍പ് തന്നെ മോഷണത്തിന് പദ്ധതിയിട്ടിരുന്നു. ഇതിനായുള്ള വഴികളും വിജയകുമാറും കൂട്ടരും തയ്യാറാക്കിയിരുന്നു. പുതിയ ശാഖയിലേക്ക് മാറുന്നതിന് മുന്‍പ് വിജയകുമാര്‍ ബാങ്കിന്റെ താക്കോല്‍ മറ്റ് രണ്ടുപേര്‍ക്ക് കൈ മാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ വ്യാജ താക്കോല്‍ നിര്‍മ്മിക്കുകയും പ്രവര്‍ത്തനക്ഷമത ഉറപ്പ് വരുത്തുകയും ചെയ്തു. പോലീസിന് സംശയം തോന്നാതിരിക്കാന്‍ വിജയകുമാര്‍ സ്ഥലം മാറ്റം കിട്ടുന്നതുവരെ കാത്തിരിക്കുകയായിരുന്നു.
ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും, സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടിയ മേയ് 23 ആയിരുന്നു കവര്‍ച്ചയ്ക്കായി ഇവര്‍ കണ്ടെത്തിയ ദിവസം. ആരാധകരുടെ ആഘോഷത്തിന്റെ മറവില്‍ പദ്ധതി നടപ്പിലാക്കാന്‍ ആയിരുന്നു ഉദ്ദേശം. എന്നാല്‍ ആര്‍.സി.ബി തോറ്റത് ഇവരുടെ പദ്ധതി നീട്ടിവെക്കാന്‍ കാരണമായി. അതിനുശേഷമാണ് മേയ് 25ന് പദ്ധതി പൂര്‍ത്തീകരിച്ചത്.
വിശദമായ അന്വേഷണത്തിനൊടുവില്‍ 10.5 കിലോ സ്വര്‍ണവും മോഷണത്തിന് ഉപയോഗിച്ച രണ്ട് വണ്ടികളും കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച ആഭരണങ്ങള്‍ ഉരുക്കി രൂപം മാറ്റിയ സ്വര്‍ണക്കട്ടികളും പോലീസ് പ്രതികളില്‍ നിന്ന് കണ്ടെടുത്തു.
പ്രതികള്‍ മാസങ്ങള്‍ക്ക് മുന്നേ തന്നെ കവര്‍ച്ചയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ഇതിനായി ബാങ്കിന്റെ സമീപ പ്രദേശങ്ങളെ കുറിച്ചും സിസിടിവിയുടെ സാന്നിധ്യത്തെ കുറിച്ചും പഠിക്കുകയും ചെയ്തു. അടുത്ത കാലത്തായി സമീപ സംസ്ഥാനങ്ങളില്‍ നടന്ന മോഷണങ്ങളെ കുറിച്ചും മനസിലാക്കിയ ശേഷമാണ് ഇവര്‍ പദ്ധതിക്ക് രൂപം കൊടുത്തത്. കേസില്‍ നിന്ന് പോലീസിന്റെ ശ്രദ്ധ തിരിക്കാനായി മോഷണം നടത്തിയ ശേഷം മഞ്ഞള്‍, കുങ്കുമം ടോര്‍ച്ച് എന്നിവ സംഭവസ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു.
വിവിധ ഭാഷകളില്‍ നിന്നുള്ള സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കവര്‍ച്ചയുടെ ഓരോ ഘട്ടവും ഇവര്‍ പ്ലാന്‍ ചെയ്തത്. തെളിവ് നശിപ്പിക്കാനായി സഞ്ചരിക്കാനായി ഉപയോഗിച്ച രണ്ട് ബൈക്കുകള്‍ ട്രക്ക് ഉപയോഗിച്ച് എടുത്തു മാറ്റി. കൂടാതെ ബാങ്കിന്റെ സുരക്ഷസംവിധാനങ്ങളില്‍ കൃത്രിമം കാണിക്കുകയും ഹൈമാസ് കേബിളുകള്‍ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു.
അന്വേഷണത്തിന്റെ ഗതി തിരിച്ചുവിടാന്‍ വേണ്ടി പ്രതികള്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ പിടിക്കാന്‍ എട്ട് സംഘങ്ങളെ നിയോഗിച്ചിരുന്നു. ഇതിലെ പ്രധാന കണ്ണിയായ വിജയകുമാര്‍ കവര്‍ച്ച നടക്കുന്നതിന് മുമ്പും അതിനുശേഷവും നടത്തിയ സംശയാസ്പദമായ യാത്രകളാണ് കേസില്‍ വഴിത്തിരിവായത്. കവര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പും കവര്‍ച്ചയ്ക്ക് ശേഷവും ഒരു കാര്‍ പോകുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ രജിസ്ട്രേഷന്‍ പരിശോധിച്ചപ്പോഴാണ് അത് വിജയകുമാറിന്റേതാണ് എന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് വിജയകുമാറിനെ ചോദ്യം ചെയ്യുകയായിരുന്നു. ആദ്യഘട്ടത്തില്‍ കവര്‍ച്ചയെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ വിജയകുമാറിനെ മണിക്കൂറുകളോളം തെളിവ് സഹിതം ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
നാടിനെ നടുക്കിയ കവര്‍ച്ചയിലെ മുഖ്യ കണ്ണി ബാങ്ക് മാനേജര്‍ തന്നെയായിരുന്നു എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബാങ്കിലെ മറ്റ് ജീവനക്കാരും.