റാഗിങ് ചട്ടങ്ങള്‍ പാലിച്ചില്ല: കലാമണ്ഡലം അടക്കം കേരളത്തിലെ അഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നോട്ടീസയച്ച് യു ജി സി

റാഗിങ് തടയുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് മൂന്ന് ഐഐഎമ്മുകളും നാല് ഐഐടികളുമുള്‍പ്പെടെ രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസിയുടെ കാരണംകാണിക്കല്‍ നോട്ടീസ്. നോട്ടീസ് ലഭിച്ചവയില്‍ കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. പാലക്കാട് ഐഐടിയും കലാമണ്ഡലവുമുള്‍പ്പെടെ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. മുപ്പതുദിവസത്തിനകം ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഈ സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്ന് ജൂണ്‍ ഒന്‍പതിന് അയച്ച കത്തില്‍ യുജിസി വ്യക്തമാക്കുന്നു.

തിരുവനന്തപുരത്തെ എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല, മലപ്പുറത്തെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല എന്നിവയാണ് നോട്ടീസ് ലഭിച്ച കേരളത്തിലെ മറ്റുസ്ഥാപനങ്ങള്‍. പാലക്കാടിന് പുറമേ ബോംബെ, ഖൊരഗ്പുര്‍, ഹൈദരാബാദ് ഐഐടികള്‍ക്കും ബോംബെ, റോഹ്ത്തക്, തിരുച്ചിറപ്പള്ളി ഐഐഎമ്മുകള്‍ക്കുമാണ് നോട്ടീസ് ലഭിച്ചത്.

റായ്ബറേലിയിലെ എയിംസിനും ഡല്‍ഹി, ആന്ധ്രാപ്രദേശ്, ഹരിയാണ എന്നിവിടങ്ങളിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുകള്‍ക്കും നോട്ടീസുണ്ട്. ബിഹാറിലെ നളന്ദ സര്‍വകലാശാല, ഉത്തര്‍പ്രദേശിലെ അലിഗഢ് മുസ്ലിം സര്‍വകലാശാല, ഹൈദരാബാദിലെ നിപെര്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്), ഇഗ്‌നോ, കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവയ്ക്കും യു ജി സി നോട്ടീസ് അയച്ചു.

എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും യുജിസിയുടെ 2009-ലെ റാഗിങ് വിരുദ്ധ ചട്ടങ്ങള്‍ പാലിച്ചിരിക്കണം. ഓരോ അക്കാദമികവര്‍ഷത്തിലും പ്രവേശനസമയത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും റാഗിങ് വിരുദ്ധ സമ്മതപത്രം സമര്‍പ്പിക്കണമെന്നും ഇതില്‍ പറയുന്നു. സ്ഥാപനങ്ങളും ഇത് നല്‍കേണ്ടതാണ്. എന്നാല്‍, പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ സമ്മതപത്രം സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍ക്കാണ് നോട്ടീസയച്ചത്.
കൃത്യമായി നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കും എന്ന സൂചനയാണ് യു ജി സി നല്‍കിയത്.

കാമ്പസുകളില്‍ റാഗിങിന്റെ പേരില്‍ നടക്കുന്ന ക്രൂരതയില്‍ വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സാഹചര്യങ്ങളുണ്ടാവുന്നു. ഇതുകൂടി പരിഗണിച്ചാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യു ജി സി തയ്യാറാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *