പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനില്‍ നടത്തിയ ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതായി ഇന്തോനേഷ്യയിലെ ഇന്ത്യന്‍ ഡിഫന്‍സ് അറ്റാഷെയായ ഇന്ത്യന്‍ നേവി ക്യാപ്റ്റന്‍ ശിവകുമാറിന്റെ വെളിപ്പെടുത്തല്‍.
‘ഓപ്പറേഷന് സിന്ദൂര്‍ നടന്ന മെയ് ഏഴ് രാത്രിയില്‍ പാകിസ്താന്റെ ആക്രമണത്തില്‍ ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായി. പാകിസ്താന്റെ സൈനികതാവളങ്ങളെയോ സൈനിക ആസ്തികളെയോ ആക്രമിക്കരുത് എന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിരുന്നു. ആ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥരായതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ക്ക് ആ യുദ്ധവിമാനങ്ങള്‍ നഷ്ടമായത്.’ ജൂണ്‍ 10-ന് ഇന്തൊനേഷ്യയിലെ യുന്സൂര്യ യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു സെമിനാറില്‍ ശിവകുമാര്‍ പറഞ്ഞു.
ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായതിനെക്കുറിച്ച് ആദ്യമായി പരാമര്‍ശം നടത്തിയത് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാനായിരുന്നു. ‘പാകിസ്താനുമായുള്ള ആക്രമണത്തില്‍ ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചല്ല, മറിച്ച് അതിലേക്ക് നയിച്ച കാരണത്തിലേക്കാണ് നമ്മള് നോക്കേണ്ടത്,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ യുദ്ധതന്ത്രത്തില്‍ മാറ്റം കൊണ്ടുവരികയും മെയ് 10-ഓടെ ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിച്ച് പാക് സൈനികകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതത് എന്നാണ് റിപ്പോര്‍ട്ട്.