തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ഉപകരണങ്ങൾ ഇല്ലെന്നുള്ള യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു . അന്വേഷണത്തിന് നാലംഗ സമിതിയെ നിയമിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ബി പത്മകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത് . കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ രാജീവന്‍ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.
മെഡിക്കല്‍ കോളേജിലെ പ്രശ്നങ്ങൾ ഉന്നയിച്ചാണ് ഡോ. ഹാരിസ് ചിറയ്ക്കല്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ടത് . ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണെന്നും ഹാരിസ് പോസ്റ്റിൽ പറഞ്ഞിരുന്നു.
ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. കൈക്കൂലി വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. അദ്ദേഹം ഉന്നയിച്ചത് ഒരു സിസ്റ്റത്തിന്റെ പ്രശ്നമാണെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.ഡോ. ഹാരിസ് ചിറയ്ക്കലിന് പിന്തുണയുമായി കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷനും (കെജിഎംസിടിഎ) രംഗത്തെത്തിയിരുന്നു.