സുംബ ഡാന്‍സിനെ അനുകൂലിച്ച് എസ്എന്‍ഡിപി യോഗം പ്രമേയം അവതരിപ്പിച്ചു. എതിര്‍പ്പുകള്‍ ബാലിശമാണെന്നും ഇത്തരം നിലപാടുകള്‍ മുസ്ലിം ജനവിഭാഗത്തെ സമൂഹത്തിന് മുന്നില്‍ പരിഹാസ്യരാക്കുന്നുവെന്നും എസ്എന്‍ഡിപി യോഗം വ്യക്തമാക്കി. ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും മതത്തെ കെട്ടിയെഴുന്നള്ളിക്കുന്നത് മാനുഷികമല്ല. വിവരദോഷികളായ പുരോഹിതരുടെ തിട്ടൂരങ്ങള്‍ക്ക് മുസ്ലിം ജനത നിന്നു കൊടുക്കരുതെന്നും എസ്എന്‍ഡിപി യോഗം ഗവ്യക്തമാക്കി.
സൂംബയെ എസ്എന്‍ഡിപി പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിര്‍ക്കുന്നുവെന്നും അവരുടെ ഈ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. മതവികാരം വ്രണപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഈ ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. മതരാജ്യമോ മതസംസ്ഥാനമോ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. അത് അംഗീകരിക്കണം. എല്‍ഡിഎഫ് തോറ്റുവെന്ന് പറയാനാവില്ല. നല്ല വോട്ട് നേടി. ലീഗും കോണ്‍ഗ്രസും ഒരുമിച്ച് നിന്നു. അന്‍വറിന്റെ ശക്തി തിരിച്ചറിഞ്ഞുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ജനങ്ങളെ കൂടെ നിര്‍ത്താന്‍ അന്‍വറിന് കഴിഞ്ഞുവെന്നും വ്യക്തമാക്കി. അന്‍വര്‍ നേടിയ വോട്ടുകള്‍ ചെറുതായി കാണാനാവില്ല. അന്‍വര്‍ പാര്‍ട്ടിക്ക് വിധേയമായാല്‍ എടുക്കാമെന്ന കോണ്‍ഗ്രസ് നിലപാട് മികച്ചതാണ്. സമീപ ചരിത്രത്തില്‍ യുഡിഎഫ് എടുത്ത ഉറച്ച തീരുമാനമാണിത്. നിലമ്പൂരിലേത് വി ഡി സതീശന്റെ വിജയമല്ലെന്നും കൂട്ടായ്മയുടെ ജയമെങ്കിലും അവകാശം ലീഗിനാണെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ കിട്ടിയെന്ന് പറഞ്ഞാല്‍ കേരളം മുഴുവന്‍ കിട്ടി എന്നാകില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മേജറേയും ക്യാപ്റ്റനെയുമൊക്കെ അവര്‍ തീരുമാനിക്കട്ടെ. അവര്‍ അണ്ണനും തമ്പിയും കളിക്കട്ടെ. കോണ്‍ഗ്രസ് നശിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ലക്ഷം ഗ്രൂപ്പാണ് കോണ്‍ഗ്രസിലുള്ളത്. കാണാന്‍ പോകുന്ന പൂരത്തിനായി കാത്തിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.