അതിജീവിതയെ വലിച്ചിഴച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; വിവാഹാലോചന നിരസിച്ചത് കൂട്ടബലാല്‍സംഗത്തിന് കാരണം

കൊല്‍ക്കത്ത കൂട്ടബലാത്സഗം അന്വേഷിക്കാന്‍ അഞ്ചംഗ സ്‌പെഷ്യല്‍ ടീം

സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നിയമ വിദ്യാര്‍ത്ഥിനിയെ ഈ ആഴ്ച ആദ്യം കോളേജ് ഗേറ്റില്‍ നിന്ന് കാമ്പസിനുള്ളിലേക്ക് രണ്ട് പ്രതികളും ചേര്‍ന്ന് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെയും മാനഭംഗപ്പെടുത്തുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി കൊല്‍ക്കത്ത പൊലീസ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
പ്രധാന പ്രതി മനോജിത് മിശ്ര മറ്റു രണ്ടു പേരോട് തന്നെ ഗാര്‍ഡ് റൂമിലേക്ക് ബലമായി കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന അതിജീവിതയുടെ മൊഴി ശരിവയ്ക്കുന്നതാണ് ദൃശ്യങ്ങള്‍. മൂന്നു പ്രതികളുടെയും സുരക്ഷാ ജീവനക്കാരന്റെയും ഇരയുടെയും നീക്കങ്ങള്‍ ഇതില്‍ കാണാം. ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രധാന പ്രതിയുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാകാന്‍ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കേസ് അന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക സംഘത്തെ നിയോഗിച്ച് കൊല്‍ക്കത്ത പോലീസ്. അസിസ്റ്റന്റ് കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. സംഘത്തിനു കീഴില്‍ അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് കൊല്‍ക്കത്ത പോലീസ് വ്യക്തമാക്കി.
അതിക്രമത്തിനിരയായ വിദ്യാര്‍ഥിനിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കന്ന വിവരങ്ങളാണുള്ളത്. പരിശോധനയില്‍ ശാരീരിക ആക്രമണത്തിന്റെ ഒന്നിലധികം ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചു. കഴുത്തിലും നെഞ്ചിലും ആക്രമിച്ചതിന്റെ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ജനനേന്ദ്രിയത്തിന്റെ ബാഹ്യഭാഗത്തോ വായിലോ പരിക്കുകള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതുവരെ ലൈംഗികാതിക്രമം തള്ളിക്കളയാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നടപടിക്രമത്തിന്റെ ഭാഗമായി മൂന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. വൈദ്യ നടപടിക്രമത്തിന്റെ ഭാഗമായി നടത്തിയ ഗര്‍ഭ പരിശോധന നെഗറ്റീവാണ്.
കേസില്‍ ഇതുവരെ നാലുപേരെയാണ് അറസ്റ്റുചെയ്തത്. മനോജിത് മിശ്ര,സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ, കോളേജിലെ സുരക്ഷാ ജീവനക്കാരനായ പിനാകി ബാനര്‍ജി ന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി മനോജ് മിശ്രയുടെ വിവാഹാഭ്യര്‍ഥന നിസരിച്ചതിനു പിന്നാലെയാണ് കൊടുംക്രൂരത നേരിടേണ്ടിവന്നതെന്ന് അതിജീവിത പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ തൃണമൂല്‍ ഛാത്രപരിഷത്തിന്റെ സൗത്ത് കൊല്‍ക്കത്ത ജില്ലാ യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറിയാണ് മനോജിത്.
പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോ പ്രതി മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ വീഡിയോ അന്വേഷണത്തില്‍ നിര്‍ണായകമാവുമെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങകള്‍ ശരിവെക്കുന്നതാണ് ഈ വീഡിയോ എന്ന് പൊലീസ് വ്യക്തമാക്കി.
മനോജിത് തന്നെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. എന്നാല്‍ മറ്റൊരാളുമായി പ്രണയത്തിലായതിനാല്‍ വിവാഹാഭ്യര്‍ഥന നിരസിച്ചു. ഇതേത്തുടര്‍ന്ന് മാതാപിതാക്കളെ വ്യാജകേസുകളില്‍ കുടുക്കുമെന്നും ആണ്‍സുഹൃത്തിനെ ഉപദ്രവിക്കുമെന്നും പറഞ്ഞ് മനോജിത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവദിവസം മൂവരും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുകയും വെറുതെവിടാന്‍ കരഞ്ഞ് അപേക്ഷിക്കുകയും ചെയ്‌തെങ്കിലും അത് മുഖവിലക്കെടുക്കാന്‍ പ്രതികള്‍ തയ്യാറായില്ലെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയക്ക് ശ്വാസതടസ്സം നേരിട്ടപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും പ്രതികള്‍ അതിന് തയ്യാറായില്ല. ഇന്‍ഹേലര്‍ ആവശ്യപ്പെട്ടത് നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥി യൂണിയന്‍ ഓഫീസിന് അടുത്തുള്ള ഗ്രൗണ്ട് ഫ്‌ളോറിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിയിലെത്തിച്ചാണ് ബലാത്സംഗം ചെയ്തതെന്നും ചെയ്തതെന്നും പരാതിയിലുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് പരീക്ഷയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പൂരിപ്പിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടി കാമ്പസിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *