എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദര്‍ശ് എം സജിയെയും ജനറല്‍ സെക്രട്ടറിയായി ശ്രീജന്‍ ഭട്ടാചാര്യയെയും കോഴിക്കോട് ചേര്‍ന്ന അഖിലേന്ത്യാ സമ്മേളനം തിരഞ്ഞെടുത്തു. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിമാരായിരുന്നു ഇരുവരും. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ ആദര്‍ശ് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. സി.പി.എം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ് ശ്രീജന്‍ ഭട്ടാചാര്യ. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍നിന്ന് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. എസ്.കെ. ആദര്‍ശ്, ടോണി കുര്യാക്കോസ്, പി. അക്ഷര, ബിപിന്‍രാജ് പയം, പി. താജുദ്ദീന്‍, സാന്ദ്ര രവീന്ദ്രന്‍, ആര്യ പ്രസാദ്, ഇ.പി. ഗോപിക എന്നിവരാണ് കേരളത്തില്‍നിന്നുള്ള എക്സിക്യുട്ടീവ് അംഗങ്ങള്‍.