ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സമഗ്ര അന്വേഷണം; ഡോ. ഹാരിസ് സത്യസന്ധനെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശാസ്ത്രക്രിയ ഉപകരണ ക്ഷാമം രൂക്ഷമെന്ന ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഡോക്ടറുടെ ആരോപണം തള്ളാതെയാണ് മന്ത്രിയുടെ പ്രതികരണം. സിസ്റ്റത്തിനു വീഴ്ച എന്നു സമ്മതിച്ച ആരോഗ്യ മന്ത്രി, സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട സിസ്റ്റമാണെന്നും മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി. ഡോ.ഹാരിസ് ചിറയ്ക്കല്‍ സത്യസന്ധനാണെന്നും പറഞ്ഞതെല്ലാം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. സത്യസന്ധനായ കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം പരമാര്‍ത്ഥമാണെന്ന് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കല്‍. സത്യം പറഞ്ഞതിനുശേഷം ഒളിച്ചിരുന്നിട്ട് കാര്യമില്ലെന്നും രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘മെഡിക്കല്‍ കോളേജിലെ പ്രശ്നങ്ങള്‍ മേലധികാരികളെ അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ മേലധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് സംശയമുണ്ട്. ആരും നേരിട്ടെത്തി ഡിപ്പാര്‍ട്ട്മെന്റില്‍ അന്വേഷണം നടത്തുകയോ ഇക്കാര്യം തിരക്കി വിളിക്കുകയോ ചെയ്തിട്ടില്ല. രോഗികളോട് കടപ്പാടുണ്ട്. അതുകൊണ്ട് ഭയപ്പെട്ടിട്ട് കാര്യമില്ല. ഇക്കാര്യങ്ങളൊന്നും ആരോഗ്യമന്ത്രി അറിയുന്നുണ്ടാവില്ല. ആശുപത്രിയുടെ മേലധികാരികള്‍ മുകളിലേയ്ക്ക് അറിയിക്കുന്നതിലെ വീഴ്ചയാണ് പ്രശ്നം. മെഡിക്കല്‍ കോളേജിലെ എല്ലാ വകുപ്പുകളിലും പ്രശ്നങ്ങളുണ്ട്. വാങ്ങുന്ന ഉപകരണങ്ങള്‍തന്നെ ചിലത് ഉപയോഗിക്കാന്‍ കഴിയാത്തവയാണ്. നിലവില്‍ ഓഗസ്റ്റ് നാലുവരെ രോഗികള്‍ വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. ആശുപത്രിയിലേയ്ക്ക് പല ഉപകരണങ്ങളും രോഗികള്‍ തന്നെ വാങ്ങിച്ചുതരുന്നുണ്ട്.
ആര്‍ഐആര്‍എസ് എന്ന ഉപകരണം സര്‍ക്കാരിനോട് വാങ്ങിത്തരാന്‍ പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. രോഗികള്‍ തന്നെ ഇത് വാങ്ങിത്തരുന്നതുകൊണ്ട് സര്‍ജറി മുടങ്ങാതെ നടക്കുന്നു. അപേക്ഷിച്ചും ഇരന്നുമാണ് ഉപകരണങ്ങള്‍ വാങ്ങുന്നത്. മടുത്തതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റിട്ടത്. കൊച്ചിയിലെ ഒരു കമ്പനിയില്‍ നിന്നാണ് ആര്‍ഐആര്‍എസ് വാങ്ങുന്നത്. അവര്‍ അയച്ചുതരുന്നത് പ്രകാരം രോഗികള്‍ അവരുടെ ഗൂഗിള്‍പേയിലേയ്ക്ക് പണം അയക്കുകയോ അല്ലെങ്കില്‍ കമ്പനിയുടെ ഏജന്റ് വന്ന് പണം വാങ്ങുകയോ ആണ് ചെയ്യുന്നത്.ഉപകരണങ്ങള്‍ക്ക് പലയാളുകള്‍ ഏജന്റുമാര്‍ വന്ന് പണം വാങ്ങുന്നതും ഡോക്ടര്‍മാരെ സംബന്ധിച്ച് പ്രതിസന്ധിയാണ്. ഒരു വിജിലന്‍സ് അന്വേഷണം വന്നാല്‍ ഇതൊക്ക വലിയ പ്രതിസന്ധികള്‍ക്ക് കാരണമാവും. തങ്ങള്‍ കൈക്കൂലി വാങ്ങി എന്നതടക്കം പ്രചരിക്കപ്പെടാം.
അടിയന്തര സ്വഭാവമുള്ള ഉപകരണങ്ങള്‍ അടിയന്തരമായി തന്നെ വാങ്ങിത്തരണം. എല്ലാത്തിനും രേഖാപരമായി മറുപടി നല്‍കും. സര്‍ക്കാര്‍ കോളേജില്‍ പഠിച്ചതിനാല്‍ സര്‍ക്കാരിന് സേവനം ചെയ്യണമെന്ന ആഗ്രഹത്താലാണ് ഇവിടെ ജോലി ചെയ്യുന്നത്. കൂടെപ്പഠിച്ചവരെല്ലാം സര്‍ക്കാര്‍ ജോലി വിട്ട് പ്രൈവറ്റ് മേഖലയിലേയ്ക്ക് മാറി’- ഡോ.ഹാരിസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *