നൃത്തപഠനത്തിനെത്തിയ ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 52 കൊല്ലം കഠിനതടവും 3.25 ലക്ഷം പിഴയും. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം വെറുംതടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണം. അധ്യാപകനായ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. അധ്യാപകന്‍ എന്ന നിലയില്‍ കുട്ടികള്‍ നല്‍കിയ വിശ്വാസത്തെ പ്രതി ചൂഷണം ചെയ്തുവെന്നും വിധിന്യായത്തില്‍ പറയുന്നു. മറ്റൊരു പന്ത്രണ്ടു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലും സുനില്‍കുമാര്‍ എന്ന് നാപ്പത്തിയാറുകാരന്‍ പ്രതിയാണ്.
2017-19 കാലത്ത് നൃത്തം പഠിക്കാന്‍ എത്തിയ വിദ്യാര്‍ഥിക്കാണ് മോശം അനുഭവം ഉണ്ടായത്. ഈ സമയത്ത് പലതവണ ലൈംഗികചൂഷണം നടന്നു എന്നും ഇതേത്തുടര്‍ന്ന് നൃത്തം പഠിക്കാന്‍ പോകുന്നില്ലെന്ന് കുട്ടി വീട്ടുകാരോട് പറയുകയുമായിരുന്നു. എന്നാല്‍ മടിയാണെന്ന് കരുതി വീട്ടുകാര്‍ വീണ്ടും കുട്ടിയെ നിര്‍ബന്ധിച്ച് ക്ലാസിന് വിട്ടു. പ്രതിയുടെ ഭീഷണിയെത്തുടര്‍ന്ന് പീഡന വിവരം കുട്ടി പുറത്തുപറഞ്ഞിരുന്നില്ല. അനുജനെയും നൃത്തപഠനത്തിന് വിടാന്‍ വീട്ടുകാര്‍ ഒരുങ്ങിയപ്പോഴാണ് പീഡനത്തെ കുറിച്ച് കുട്ടി വീട്ടുകാരോട് തുറന്നു പറഞ്ഞത് .പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ പതിനേഴ് സാക്ഷികളെ വിസ്തരിക്കുകയും പതിനേഴ് രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പാങ്ങോട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടമാരായ സുനീഷ് എന്‍., സുരേഷ് എം.ആര്‍. എന്നിവരാണ് കേസ് അന്വേഷിച്ചത്.