പശ്ചിമ ബംഗാളിലെ സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ കൂട്ടബലാത്സംഗത്തിനിരയായ 24-കാരിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. പരിശോധനയില്‍ ശാരീരിക ആക്രമണത്തിന്റെ ഒന്നിലധികം ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴുത്തിലും നെഞ്ചിലും ആക്രമിച്ചതിന്റെ പാടുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ജനനേന്ദ്രിയത്തിന്റെ ബാഹ്യഭാഗത്തോ വായിലോ പരിക്കുകള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ഫോറന്‍സിക് സ്ഥിരീകരണം വരുന്നതുവരെ ലൈംഗികാതിക്രമം തള്ളിക്കളയാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നടപടിക്രമത്തിന്റെ ഭാഗമായി മൂന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വൈദ്യ നടപടിക്രമത്തിന്റെ ഭാഗമായി നടത്തിയ മൂത്ര ഗര്‍ഭ പരിശോധനാഫലം നെഗറ്റീവാണ്.
സംഭവത്തില്‍ പശ്ചിമ ബംഗാളിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജിലെ സുരക്ഷാ ജീവനക്കാരന് അറസ്റ്റിലായിരുന്നു. പിനാകി ബാനര്‍ജി എന്ന 55-കാരനാണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ബാനര്‍ജി. ചോദ്യംചെയ്യലില്‍ ഇയാളുടെ മറുപടികള്‍ പൊരുത്തമില്ലാത്തതും പരസ്പരവിരുദ്ധവുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് അയാള്‍ പരിസരത്ത് ഉണ്ടായിരുന്നതായി സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജൂലായ് ഒന്നുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഭാരതീയ ന്യായ സംഹിതയിലെ കൂട്ടബലാത്സംഗ വകുപ്പും പിനാകി ബാനര്‍ജിക്കെതിരേ ചുമത്തിയിട്ടുണ്ട്. ജൂണ്‍ 25-ന് വൈകിട്ട് 7:30-നും രാത്രി 8:50-നും ഇടയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുഖ്യപ്രതി മനോജിത് മിശ്രയുടെ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പിന്നാലെയാണ് കൊടുംക്രൂരത നേരിടേണ്ടിവന്നതെന്ന് പെണ്‍കുട്ടി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ തൃണമൂല്‍ ഛാത്രപരിഷത്തിന്റെ സൗത്ത് കൊല്‍ക്കത്ത ജില്ലാ യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറിയാണ് മനോജിത്. മറ്റു രണ്ടുപേരും വിദ്യാര്‍ഥികളാണ്.
മനോജിത് തന്നെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. എന്നാല്‍ മറ്റൊരാളുമായി പ്രണയത്തിലായതിനാല്‍ വിവാഹാഭ്യര്‍ഥന നിരസിച്ചു. ഇതേത്തുടര്‍ന്ന് മാതാപിതാക്കളെ വ്യാജകേസുകളില്‍ കുടുക്കുമെന്നും ആണ്‍സുഹൃത്തിനെ ഉപദ്രവിക്കുമെന്നും പറഞ്ഞ് മനോജിത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവദിവസം മൂവരും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയും ശാരീരികബന്ധത്തിന് മുതിരുകയും ചെയ്തു. തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുകയും വെറുതെവിടാന്‍ കരഞ്ഞ് അപേക്ഷിക്കുകയും ചെയ്തു.
പലതവണ അപേക്ഷിച്ചിട്ടും വെറുതെവിടാന്‍ കൂട്ടാക്കിയില്ലെന്ന് പരാതിയില്‍ പറയുന്നു. പാനിക്ക് അറ്റാക്ക് ഉണ്ടാവുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തു. ആശുപത്രിയില്‍ എത്തിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും പ്രതികള്‍ അതിന് തയ്യാറായില്ല. ഇന്‍ഹേലര്‍ ആവശ്യപ്പെട്ടപ്പോള്‍ നല്കി. അത് ഉപയോഗിച്ച ശേഷം വിദ്യാര്‍ഥി യൂണിയന് ഓഫീസിന് അടുത്തുള്ള ഗ്രൗണ്ട് ഫ്ളോറിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിയിലെത്തിച്ചാണ് ബലാത്സംഗം ചെയ്തതെന്നും പരാതിയിലുണ്ട്. ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് പരീക്ഷയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പൂരിപ്പിക്കാന്‍ വേണ്ടി കാമ്പസിലെത്തിയപ്പോഴായിരുന്നു ക്രൂരത.