ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 60 പേരുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇറാനില്‍ നടന്നു. തലസ്ഥാനമായ ടെഹ്റാനില്‍ ആയിരക്കണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു.
ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ചടങ്ങില്‍ കറുത്ത വസ്ത്രം ധരിച്ച ജനങ്ങള്‍ കൊല്ലപ്പെട്ട റെവല്യൂഷണറി ഗാര്‍ഡിന്റെ തലവന്റെയും മറ്റ് ഉന്നത കമാന്‍ഡര്‍മാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ചിത്രങ്ങള്‍ കൈയിലേന്തി ഇറാനിയന്‍ പതാകകള്‍ വീശുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടിവി കാണിച്ചു. സെന്‍ട്രല്‍ ടെഹ്റാനില്‍ നിന്നുള്ള ചിത്രങ്ങളില്‍ ഇറാനിയന്‍ പതാകകള്‍ പൊതിഞ്ഞ ശവപ്പെട്ടികളും യൂണിഫോമില്‍ മരിച്ച കമാന്‍ഡര്‍മാരുടെ ഛായാചിത്രങ്ങളും ഉണ്ടായിരുന്നു.
ഗാര്‍ഡിന്റെ ചീഫ് ജനറല്‍ ഹൊസൈന്‍ സലാമി, ഗാര്‍ഡിന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിന്റെ തലവന്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ എന്നിവരുടെയും മറ്റുള്ളവരുടെയും ശവപ്പെട്ടികള്‍ തലസ്ഥാനത്തെ ആസാദി സ്ട്രീറ്റിലൂടെ ട്രക്കുകളില്‍ കൊണ്ടുപോയി. ജനക്കൂട്ടം ‘അമേരിക്കയ്ക്ക് മരണം’, ‘ഇസ്രായേലിന് മരണം’ എന്ന് ആര്‍ത്തുവിളിച്ചു. ഇറാന്റെ ആണവ പദ്ധതി നശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ഇസ്രായേല്‍ പറഞ്ഞ യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ സലാമിയും ഹാജിസാദെയും കൊല്ലപ്പെട്ടു.
ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിലെ മേജര്‍ ജനറലായ മുഹമ്മദ് ബാഗേരി, ഉന്നത ആണവ ശാസ്ത്രജ്ഞന്‍ മുഹമ്മദ് മെഹ്ദി ടെഹ്റാഞ്ചി എന്നിവരും ഇസ്രായേലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.
വെടിനിര്‍ത്തലിനു ശേഷമുള്ള ഉന്നത കമാന്‍ഡര്‍മാരുടെ ആദ്യ പൊതു ശവസംസ്‌കാര ചടങ്ങുകളായിരുന്നു ശനിയാഴ്ചത്തെ ചടങ്ങുകള്‍, നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ ആകെ 60 പേര്‍ക്ക് വേണ്ടിയായിരുന്നു ശവസംസ്‌കാരം എന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊതുപ്രവര്‍ത്തകരെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതിനായി അധികൃതര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചു.