തെലുങ്ക് വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്ത നിലയില്‍

പ്രമുഖ തെലുങ്ക് ചാനലിലെ വാര്‍ത്താ അവതാരകയും പത്രപ്രവര്‍ത്തകയുമായ 40 കാരിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വേച്ഛ വൊട്ടാര്‍ക്കറാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ സ്വേച്ഛയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മകളുടെ മരണത്തിന് കാരണക്കാരനായ വ്യക്തിയെന്ന് ആരോപിച്ച് പിതാവ് പോലീസിന് ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
സ്വേച്ഛയുടെ മകള്‍ വൈകീട്ട് സ്‌കൂള്‍ വിട്ടുവന്നപ്പോള്‍ അമ്മയുടെ മുറി പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. പലതവണ മുട്ടിവിളിച്ചിട്ടും പ്രതികരണമൊന്നും കാണാഞ്ഞതോടെ അയല്‍ക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് വാതില്‍ വെട്ടിപ്പൊളിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അമ്മയ്ക്കും മകള്‍ക്കുമൊപ്പമായിരുന്നു സ്വേച്ഛ ഹൈദരാബാദിലെ വീട്ടില്‍ താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *