മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് പരാഗ് ജെയിനിനെ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ പുതിയ മേധാവിയാകും. നിലവിലെ മേധാവി രവി സിന്‍ഹയുടെ കാലാവധി ജൂണ്‍ മുപ്പതിന് അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് പുതിയ മേധാവിയെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
1989 ബാച്ച് പഞ്ചാബ് കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനാണ് പരാഗ് ജെയിന്. കേന്ദ്രസര്‍വീസില്‍ ഡെപ്യൂട്ടേഷനിലുള്ള പരാഗ് നിലവില്‍ ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ തലവനാണ്. റോ മേധാവിയായി ജൂലായ് ഒന്നിന് ചുമതലയേറ്റെടുക്കുന്ന പരാഗിന് രണ്ടുവര്‍ഷം ഈ തസ്തികയില്‍ തുടരാം.
ഓപ്പറേഷന് സിന്ദൂര്‍ സൈനിക നടപടിയുടെ ഭാഗമായി പാകിസ്താനി സൈന്യവുമായും ഭീകരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വിഭാഗമായിരുന്നു പരാഗ് ജെയിന് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്റര്‍. മുന്‍പ് ചണ്ഡീഗഢ് എസ്എസ്പിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള പരാഗ്, ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.