തലമുറകളെ ഭയപ്പെടുത്തിയ രക്തരക്ഷസുമായി വീണ്ടും ഏരീസ് കലാനിലയം;പുതിയ അങ്കത്തിൽ ഡോള്‍ബി 7.1 സറൗണ്ട് സൗണ്ട് സിസ്റ്റം

ലമുറകളായി ഭയപ്പെടുത്തിയ രക്തരക്ഷസുമായി വീണ്ടുമെത്തുകയാണ് ഏരീസ് കലാനിലയം. സിനിമയെ വെല്ലുന്ന തരത്തിലാണ് രക്തരക്ഷസ് നാടകത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ ഒറ്റയ്ക്ക് രക്തരക്ഷസ് നാടകം കാണാന്‍ വെല്ലുവിളിക്കുന്ന ഒരു പോസ്റ്റര്‍ ഇന്നും കേരളക്കര മറന്നിട്ടില്ല.നിലവിലും സാഹചര്യങ്ങൾക്ക് മാറ്റമില്ല എന്നാണ് അണിയറക്കാർ പറയുന്നത്.

കാലത്തിന് അനുസരിച്ച് ഹൈഡ്രോളിക്‌സും പുതിയ സൗണ്ട് സിസ്റ്റവും മറ്റ് ടെക്‌നോളജികളും നാടകത്തില്‍ ചേര്‍ത്തിട്ടുണ്ട് . ഡോള്‍ബി 7.1 സറൗണ്ട് സൗണ്ട് സിസ്റ്റവുമായാണ് നാടകമെത്തുന്നത്. സിനിമകള്‍ക്ക് ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ രക്തരക്ഷസിനെ വേറിട്ടൊരു അനുഭൂതിയാക്കി മാറ്റും.

കേരള നാടക ചരിത്രത്തിലെ പൊൻതൂവൽ എന്ന് വിശേഷിപ്പിക്കാവുന്ന രക്തരക്ഷസ് എഴുതിയത് എന്‍കെ ആചാരിയാണ്. പുതിയ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ് നാടകം വീണ്ടും സ്‌റ്റേജിലെത്തുന്നത് . ”കലാനിലയത്തിന്റെ പ്രധാനപ്പെട്ട നാടകങ്ങളില്‍ ഒന്നാണ് രക്തരക്ഷസ്. തലമുറകളെ സ്വാധീനിച്ച നാടകം. അതിനാല്‍ ഞങ്ങള്‍ തിരിച്ചുവരാന്‍ തീരുമാനിച്ചപ്പോള്‍ ഇതിലും മികച്ചൊരു കഥ കണ്ടെത്താനായില്ല” എന്നാണ് കലാനിലയത്തിന്റെ മാനേജിംഗ് ഡയറക്ടറും സംവിധായകനുമായ അനന്തപത്മനാഭന്‍ പറയുന്നത്.

1974 ലാണ് രക്തരക്ഷസ് ആദ്യമായി വേദിയില്‍ അവതരിപ്പിക്കപ്പെടുന്നത്. ലക്ഷ്മി എന്ന പെണ്‍കുട്ടി തന്റെ അച്ഛന്‍ കാടന്‍ വൈദ്യന്റെ പരീക്ഷണങ്ങളുടെ ഫലമായി രക്തരക്ഷസായി മാറുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം.

കാലത്തിനൊപ്പമുള്ള മാറ്റങ്ങള്‍ കഥയില്‍ മാത്രമല്ല, സാങ്കേതികതയിലും കൊണ്ടു വരുന്നുവെന്നതാണ് കലാനിലയത്തിന്റെ പ്രത്യേകത. ലൈറ്റിംഗും വിഷ്വല്‍ എഫ്ക്ടസും അതിവേഗമുള്ള രംഗത്തിന്റെ മാറ്റവും മറ്റ് സാങ്കേതിക വിദ്യകളുമൊക്കെ കാണികള്‍ക്ക് സിനിമാറ്റിക് അനുഭവമാണ് നല്‍കുന്നത്.120-ഓളം വരുന്ന ക്രൂവിന്റെ സഹായത്തോടെയാണ് നാടകം സ്‌റ്റേജില്‍ അവതരിപ്പിക്കുന്നത്.

1952 ലാണ് കൃഷ്ണന്‍ നായര്‍ കലാനിലയം ട്രൂപ്പ് ആരംഭിക്കുന്നത്. രക്തരക്ഷസിന് പുറമെ കടമ്മറ്റത്തു കത്തനാര്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ഐക്കോണിക് നാടകങ്ങളും കലാനിലയം സ്‌റ്റേജിലെത്തിച്ചിട്ടുണ്ട്.

1974ല്‍ ആദ്യമായി സ്റ്റേജിലെത്തിയ രക്തരക്ഷസ് വര്‍ഷങ്ങള്‍ക്ക് ശേഷം 2003ല്‍ വീണ്ടും സ്റ്റേജിലെത്തിയിരുന്നു. ”എന്‍കെ ആചാരിയുടെ മകനും നടനുമായ ജഗതി ശ്രീകുമാര്‍ കലാനിലയത്തിന്റെ നവീകരണത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും അറിയുന്നത് പോലെ 2012 ല്‍ അദ്ദേഹത്തിന് വാഹനാപകടമുണ്ടായി. അടുത്ത വര്‍ഷം എന്റെ അമ്മ കൊടുങ്ങല്ലൂര്‍ അമ്മിണി അമ്മയും മരിച്ചു” എന്നാണ് സംവിധായകൻ പറയുന്നത്. വീണ്ടും തിരിച്ചുവരാന്‍ ശ്രമിക്കുമ്പോഴാണ് കൊവിഡ് വരുന്നത്. ഇതിന് ശേഷം ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനി കലാനിലയത്തിന്റെ പങ്കാളികളായി. ഇതോടെയാണ് ഏരീസ് കലാനിലയം എന്ന് പേര് മാറ്റുന്നത്. നാടകക്കമ്പനിയുടെ അമ്പത് ശതമാനം ഏരീസിന്റെ സ്ഥാപകന്‍ സോഹന്‍ റോയിയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍.

പല വേദികളും കടന്ന് രക്തരക്ഷസ് ഇപ്പോള്‍ തൃപ്പൂണിത്തറയിലെത്തി നില്‍ക്കുകയാണ്. വന്‍ തിരക്കാണ് ഈ വരവിലും നാടകം സാക്ഷ്യം വഹിക്കുന്നത്. രക്തരക്ഷസിനെ കാണാനായി ചെന്നൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നെല്ലാം ആളുകളെത്തുന്നുണ്ടെന്നാണ് അനന്തപദ്മനാഭന്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *