മഞ്ചേശ്വരം: കണ്വതീർഥ ബീച്ചിൽ സ്ഥാപിച്ച കണ്ടെയ്നറുകൾ കടലേറ്റത്തിൽ തകർന്നു. ശുചിമുറിക്ക് വേണ്ടി നിർമിച്ച കെട്ടിടവും ഇരിപ്പിടങ്ങളും കടലേറ്റത്തിൽ പൂർണമായും തകർന്നു. മഞ്ചേശ്വരത്താണ് സംഭവം.രണ്ട് ദിവസങ്ങളിലായുണ്ടായ ശക്തമായ കടലേറ്റത്തിലാണ് വൻ നാശമുണ്ടായത്. നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് കടലേറ്റം നാശം വിതച്ചത്.
കോവിഡ് കാലത്ത് തെക്കിൽ ടാറ്റാ ആശുപത്രിക്ക് വേണ്ടി ഉപയോഗിച്ച രണ്ട് കണ്ടെയ്നറുകൾ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ഇവയാണ് കടലെടുത്തിരിക്കുന്നത്. കടലേറ്റത്തിൽ തീരപ്രദേശത്തെ മണൽ ഒഴുകിപ്പോയതിനാൽ തീരത്തോട് ചേർന്ന് സ്ഥാപിച്ച കണ്ടെയ്നറുകൾ തകർന്ന് വീഴുകയാണുണ്ടായത്. ബീച്ചിലേക്ക് എത്തിച്ചേരാനുള്ള തുമിനാട് – കണ്വതീർഥ റോഡ് കഴിഞ്ഞ മാസം മുഖ്യമന്ത്രി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തിരുന്നു.