അഹമ്മദാബാദ് : വിമാനാപകടത്തിൽ തിരിച്ചറിയാനുള്ള അവസാന യാത്രക്കാരൻ്റെ ഡിഎൻഎ ഫലവും പുറത്തു വന്നു. ഭുജ് സ്വദേശി അനിൽ ഖിമാനിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
രണ്ടാഴ്ച്ചയായിട്ടും മൃതദേഹം കിട്ടാതെ വന്നതോടെ അനിലിൻ്റെ വീട്ടുകാർ മൂന്ന് ദിവസം മുൻപ് പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തിയിരുന്നു. അതിനിടയിലാണ് ഡിഎൻഎ ഫലവും പുറത്തുവന്നത്.
ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു.
വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു. ബി ജെ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലും പിജി വിദ്യാർത്ഥികളും സ്‌പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകർന്നുവീണത്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും സാധാരണക്കാരും അപകടത്തിൽ മരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തിൽ മരിച്ചിരുന്നു.