ഒന്നാം ക്രിക്കറ്റ് ടെസ്റ്റല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 159 റണ്‍സിന്റെ ആധികാരിക വിജയം. 301 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ്, രണ്ടാം ഇന്നിങ്‌സില്‍ വെറും 141 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് നേട്ടവുമായി മുന്നില്‍നിന്ന് നയിച്ച ജോഷ് ഹെയ്‌സല്‍വുഡിന്റെ നേതൃത്വത്തിലാണ് ഓസീസ് ബോളര്‍മാര്‍ വിന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ 180 – 310, വെസ്റ്റിന്‍ഡീസ് 190 – 141.
രണ്ട് ഇന്നിങ്‌സിലും അര്‍ധസെഞ്ചറികള്‍ നേടിയ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡാണ് കളിയിലെ കേമന്‍. ഇതോടെ മൂന്നു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പയില്‍ ഓസീസ് 10ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം ടെസ്റ്റ് അടുത്ത വ്യാഴാഴ്ച മുതല്‍ ഗ്രനാഡയിലെ സെന്റ് ജോര്‍ജസിലുള്ള നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 301 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് നിരയില്‍ രണ്ടക്കത്തിലെത്തിയത് നാലു പേര്‍ മാത്രമാണ്. പത്താമനായി ഇറങ്ങി തകര്‍ത്തടിച്ച് നാലു വീതം സിക്‌സും ഫോറും സഹിതം 44 റണ്‍സെടുത്ത ഷമാര്‍ ജോസഫാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഗ്രീവ്‌സ് 53 പന്തില്‍ എട്ടു ഫോറുകളോടെ 38 റണ്‍സുമായി പുറത്താകാതെ നിന്നു.
ഓപ്പണര്‍ ജോണ്‍ കാംബല്‍ (31 പന്തില്‍ 23), കീസി കാര്‍ട്ടി (36 പന്തില്‍ 20) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കണ്ട മറ്റു രണ്ടു പേര്‍. ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്വയ്റ്റ് (4), ബ്രാണ്ടന്‍ കിങ് (0), ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് (2), ഷായ് ഹോപ് (2), അല്‍സാരി ജോസഫ് (0), ജോമല്‍ വറീകന്‍ (3), ജെയ്ഡന്‍ സീല്‍സ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓസീസിനായി ഹെയ്‌സല്‍വുഡ് 12 ഓവറില്‍ 43 റണ്‍സ് വഴങ്ങിയാണ് 5 വിക്കറ്റെടുത്തത്. നേഥന്‍ ലയണ്‍ രണ്ടും പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.