ഒഡീഷയിലെ പുരിയില്‍ ലോകപ്രശസ്തമായ ജഗന്നാഥ രഥയാത്രയ്ക്കിടെ വലിയ തിക്കിലും തിരക്കിലും പെട്ട് 500 ലധികം ഭക്തര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ‘പഹാഡി’ ആചാരത്തിനിടെ ഗജപതി ദിവ്യ സിംഹദേവ രാജാവിന്റെ കൊട്ടാരത്തിന് സമീപമുള്ള ശ്രീ നഹര്‍ പ്രദേശത്തായിരുന്നു സംഭവം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിരവധി ഭക്തര്‍ ബോധരഹിതരായി വീണു, ഉടന്‍ തന്നെ അവരെ ചികിത്സയ്ക്കായി പുരി മെഡിക്കല്‍ കോളേജിലേക്കും മറ്റ് ആശുപത്രികളിലേക്കും മാറ്റി. പലരുടെയും നില ഗുരുതരമാണ്.
പ്രധാന ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 2.5 കിലോമീറ്റര്‍ അകലെയുള്ള ഗുണിച്ചച്ച ക്ഷേത്രത്തിലേക്ക് ബലഭദ്ര ഭഗവാന്റെ രഥം വലിക്കുന്നത് കാണാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് ഒത്തുകൂടിയത്. രഥത്തിന്റെ കയറുകളില്‍ തൊടാന്‍ തിരക്കുകൂട്ടിയ ജനക്കൂട്ടത്തിന്റെ അമിതാവേശം കുഴപ്പത്തിലേക്ക് നയിക്കുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട ഭക്തര്‍ ഭയപ്പെട്ട് ഓടാന്‍ തുടങ്ങി. തിക്കിലും തിരക്കിലും പെട്ട് പലരും തളര്‍ന്നു വീഴുകയും വീണവര്‍ക്ക് ചവിട്ടേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റ എല്ലാവര്ക്കും ചികിത്സ നല്‍കുന്നുണ്ടെന്നും ശരിയായ പരിചരണം ഉറപ്പാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. 2024-ല്‍, ഇതേ ഉത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷയും ജനക്കൂട്ട നിയന്ത്രണ നടപടികളും വര്‍ദ്ധിപ്പിച്ചിട്ടും ഈ വര്‍ഷവും ചരിത്രം ആവര്‍ത്തിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി, കേന്ദ്ര സായുധ പൊലീസ് സേനയുടെ എട്ടു കമ്പനികള്‍ ഉള്‍പ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്.