മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറന്നേക്കും ; 3220 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ ഭരണകൂടം

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കാന്‍ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ സമീപത്ത് താമസിക്കുന്ന 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ എം. വിഘ്നേശ്വരി ഉത്തരവിട്ടു.
വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് മുന്‍പായി ആളുകളെ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതേസമയം ഇത്രയും ആളുകള്‍ സ്വന്തം വീടുകളില്‍നിന്ന് മാറാന്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതേയുള്ളൂ.
മുന്‍പ് 2023-ല്‍ രാത്രികാലങ്ങളില്‍ തമിഴ്നാട് മുന്നറിയിപ്പില്ലാതെ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടിരുന്നു. ഇത് പെരിയാറില്‍ ജലനിരപ്പുയരുകയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് ജാഗ്രതാ നിര്‍ദേശം ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്‌നാട് നല്‍കി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്‌നാട് തീരുമാനം. നിലവിലെ റൂള്‍കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്‌നാടിന് ജൂണ്‍ 30 വരെ സംഭരിക്കാനാകുക. സെക്കന്‍ഡില്‍ 6100 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നു. 135 അടിയില്‍ താഴെയാണ് ജലനിരപ്പെന്നതിനാല്‍ തമിഴ്‌നാടിന് പരമാവധി 2000 ഘനയടിവരെ വെള്ളം വൈഗയിലേക്ക് കൊണ്ടുപോകാം. നിലവില്‍ 1860 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.
നീരൊഴുക്ക് വര്‍ധിച്ച് അണക്കെട്ട് തുറക്കേണ്ട സാഹചര്യം വന്നാലും, പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞുനില്‍ക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 72 അടി പരമാവധി സംഭരണശേഷിയുള്ള വൈഗ അണക്കെട്ട് ഇപ്പോള്‍ തുറന്നിരിക്കുകയാണ്. സെക്കന്‍ഡില്‍ 3000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
വെള്ളിയാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍ കൂടുതല്‍ വെള്ളം വൈഗയിലേക്ക് ഒഴുക്കി 136 അടിക്ക് താഴെ ജലനിരപ്പ് നിലനിര്‍ത്താന്‍ തമിഴ്‌നാട് ശ്രമിക്കും. 2021 ഡിസംബറില്‍ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട്, അണക്കെട്ടില്‍നിന്നും പെരിയാറിലേക്ക് വെള്ളമൊഴുക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *