നിലമ്പൂരില്‍ സിപിഎം വോട്ടുകള്‍ പി.വി. അന്‍വര്‍ പിടിച്ചെന്ന് സമ്മതിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വര്‍ തിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്തില്ലെന്ന് പലതവണ പരസ്യമായി പറഞ്ഞ സിപിഎം നിലപാട് തിരുത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നും എന്നാല്‍ പ്രചാരണം നയിച്ച മുഖ്യമന്തിക്കോ തനിക്കോ വീഴ്ചയുണ്ടായിട്ടില്ലന്നും ഗോവിന്ദന്‍ അവകാശപ്പെട്ടു. തന്റെ ആര്‍ എസ് എസ് പരാമര്‍ശം ഒറ്റ വോട്ടുപോലും ഇല്ലാതാക്കിയിട്ടില്ലെന്നും പാര്‍ട്ടി യോഗങ്ങളില്‍ പിണറായി തന്നെ ശാസിച്ചിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സ്വന്തം നേട്ടങ്ങളായി അന്‍വര്‍ അവതരിപ്പിച്ചു. ഇത് തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വഞ്ചിച്ചുപോയ വഞ്ചകനായ അന്‍വര്‍, യുഡിഎഫിന് വേണ്ടിയാണ് കളംമാറിയത്. ആ വഞ്ചകനായ അന്‍വറിന് കുറച്ച് വോട്ടുനേടാന്‍ സാധിച്ചു. പി.വി അന്‍വര്‍ കഴിഞ്ഞ ഒമ്പതു വര്‍ഷം നിലമ്പൂരില്‍ എംഎല്‍എ ആയിരുന്നു. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് അവിടെ കുറേ വികസനപ്രവര്‍ത്തനങ്ങളെല്ലാം ചെയ്തിരുന്നു. ആ വികസന പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ അന്‍വറിന് ഗുണമായിട്ടുണ്ടെന്നും ഗോവിന്ദന്‍ വിലയിരുത്തി. അന്‍വര്‍ പിടിച്ചതില്‍ ഇടതുമുന്നണിയുടെ വോട്ടുകളും ഉണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ വലിയ തോതില്‍ പരാജയം സംഭവിച്ചു. അതൊരു പാഠമാക്കി എടുത്തുകൊണ്ട് വരുന്ന നാളുകളില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന വിലയിരുത്തലും സിപിഎം യോഗത്തിലുണ്ടായി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ വിശദമായ വിലയിരുത്തലാണ് ഒരു ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലും രണ്ടു ദിവസം നീണ്ട സംസ്ഥാന സമിതി യോഗത്തിലും ഉണ്ടായത്.