കൊൽക്കത്ത :കൊൽക്കത്തയിലെ സർക്കാർ ലോ കോളേജിൽ വിദ്യാർഥി കൂട്ട ബലാത്സംഗത്തിനിരയായി. പ്രതികൾ രണ്ട് പേർ ലോ കോളേജിലെ വിദ്യാർഥികളും ഒരാൾ പൂർവ വിദ്യാർഥിയുമാണ്. മൂന്ന് പേരെയും പൊലീസ് പിടികൂടി. പെൺകുട്ടിയെ കോളേജിലെ സ്റ്റുഡൻസ് യൂണിയൻ റൂമിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ബലാത്സംഗം. മുഖ്യപ്രതി മൻജോഹിത് മിശ്ര തൃണമൂൽ കോൺഗ്രസ് വിദ്യാർഥി നേതാവാണെന്നും മുഖ്യമന്ത്രി മമത ബാനർജി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി .
ഇക്കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ട് 7.30നും രാത്രി 10.30നും ഇടയിലാണ് സൌത്ത് കൊൽക്കത്ത ലോ കോളേജിനുള്ളിൽ ക്രൂരമായ ബലാത്സം നടന്നത്. വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാനെന്ന വ്യാജേന പെൺകുട്ടിയെ പ്രതികൾ സ്റ്റുഡൻസ് യൂണിയൻ റുമിലേക് വിളിച്ച് വരുത്തുകയായിരുന്നു.
യൂണിയൻ റൂമിലെത്തിയ പെൺകുട്ടിയോട് മുഖ്യപ്രതി മൻജോഹിത് മിശ്ര വിവാഹാഭ്യർഥന നടത്തി. വിവാഹാഭ്യർഥന നിരസിച്ചതോടെ പ്രതികൾ അക്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ലോ കോളേജിലെ പൂർവ്വ വിദ്യാർഥിയായ മൻജോഹിത് മിശ്ര, വിദ്യാർഥികളായ സൈബ് അഹ്‌മദ്, പ്രമിത് മുഖോപാധ്യായ എന്നിവരെ പൊലീസ് പിടികൂടി. ആലിപൂർ ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതികളെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
മുഖ്യപ്രതി മൻജോഹിത് മിശ്ര തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടന നേതാവാണ്. മൻജോഹിത് തൃണമൂൽ നേതാക്കൾക്കൊപ്പം നിൽകുന്ന ചിത്രങ്ങൾ ബിജെപി പുറത്തുവിട്ടു. ബലാത്സംഗത്തിൻറെ ഉത്തരവാദിത്വം സർക്കാരിനെന്നും മമത ബാനർജി രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബലാത്സംഗത്തിനെതിരെ കേന്ദ്രം പ്രത്യേക നിയമം നിർമിക്കുന്നില്ലെന്ന് തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സൗത്ത് കൊൽക്കത്ത ലോ കോളേജിനോട് കൊൽക്കത്ത യൂണിവേഴ്‌സിറ്റി റിപ്പോർട്ട് തേടിയിട്ടുണ്ട്.
ആർജി കർ മെഡിക്കൽ കോളേജിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന് ഒരു വർഷം തികയും മുൻപാണ് കൊൽകത്തയിൽ വീണ്ടും ക്രൂരമായ ബലാത്സംഗം നടന്നത്. ബലാത്സംഗത്തിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ തെരുവിലിറങ്ങി.
എത്രയും പെട്ടന്ന് നിയമഭേദഗതി പ്രാബല്യത്തിൽ വരണമെന്നും. അതിന് കഴിയില്ലെങ്കിൽ മംമ്ത നിലപാട് വ്യക്തമാക്കണമെന്നും പ്രതിഷേധക്കാർ പറയുന്നു. തുടർച്ചയായുള്ള ഇത്തരം കേസുകൾ സർക്കാരിന് വലിയ തിരിച്ചടിയാണ്.