കണ്ണൂർ : പയ്യന്നൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി വയോധികയെ കഴുത്തിന്കത്തിവെച്ച് ആക്രമിച്ച് രണ്ടേകാല്‍ പവൻ്റെ മാലയും കമ്മലും ബലമായി ഊരിയെടുത്ത കവർച്ചക്കാരൻ പിടിയില്‍.കരിവെള്ളൂർ കൂക്കാനത്തെ മാങ്കുഴിയില്‍ ഹൗസില്‍ രാജേന്ദ്രനെ(55) യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ്റെ നേതൃത്വത്തില്‍ പിടി കൂടിയത്.
വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ അന്നൂർ കൊരവയലിലായിരുന്നു കവർച്ച. കണ്ടോത്ത് വർക്ക്ഷോപ്പില്‍ ജോലി ചെയ്യുന്ന രവീന്ദ്രൻ്റെ ഭാര്യ സാവിത്രി (66)യുടെ മൂന്ന്പവനോളം തൂക്കം വരുന്ന ആഭരണങ്ങളാണ് കവർന്നത്.
രാവിലെ 8.30 മണിയോടെ രവീന്ദ്രൻ വർക്ക്ഷോപ്പിലേക്ക് ജോലിക്ക് പോയതായിരുന്നു. സാവിത്രി തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. പെണ്‍മക്കളായ രണ്ടു പേരും ഭർതൃ വീടുകളിലാണ് താമസം. അടുക്കളയിലെ ജോലിക്കിടെ 10.30 മണിയോടെ വീടിൻ്റെകോളിംഗ് ബെല്ല് അടിക്കുന്നത് കേട്ട് വാതില്‍ തുറന്നപ്പോള്‍ നീലമഴക്കോട്ടിട്ട കവർച്ചക്കാരൻ വീടിനകത്ത് കയറി വാതില്‍ കുറ്റിയിട്ട് വീട്ടമ്മയുടെ കഴുത്തിന് കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വായില്‍ കൈകുത്തി തിരുകി കഴുത്തിലണിഞ്ഞ രണ്ടേകാല്‍ പവൻ്റെ മാലയും കമ്മലും കൈക്കലാക്കിയ ശേഷം വീടിനകത്ത് തള്ളിയിട്ട് കടന്നു കളയുകയായിരുന്നു.
വായില്‍ നിന്നും രക്തം വന്ന് അവശയായ സ്ത്രീ നിലവിളിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിയുന്നത്. തുടർന്ന് പയ്യന്നൂർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അന്വേഷണ ത്തില്‍ കവർച്ചക്കാരൻ കൊണ്ടുവന്ന കത്തി വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ക്രൈം സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് കവർച്ചക്കാരനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്