ബങ്കർ വിവരങ്ങൾ ശേഖരിച്ച റഷ്യൻ ഫോട്ടോഗ്രാഫർക്ക് 16 വർഷം തടവ്

മോസ്കോ: സോവിയറ്റ് കാലത്തെ ബങ്കർ വിവരങ്ങൾ ശേഖരിച്ച റഷ്യൻ ഫോട്ടോഗ്രാഫറെ 16 വർഷം തടവിന് ശിക്ഷിച്ചു. വിവരങ്ങൾ അമേരിക്കൻ മാധ്യമ പ്രവർത്തകനുമായി പങ്കുവച്ച ഫോട്ടോഗ്രാഫർ ഗ്രിഗറി സ്ക്വോർട്സോവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് റഷ്യൻ കോടതി ശിക്ഷിച്ചത്. പടിഞ്ഞാറൻ നഗരമായ പെർമിലെ കോടതിയിലെ അടച്ചിട്ട മുറിയിലാണ് വിചാരണ നടന്നത്. കുറ്റങ്ങളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 2023-ലാണ് റഷ്യൻ അധികൃതർ സ്ക്വോർട്സോവിനെ അറസ്റ്റ് ചെയ്തത്. തൻ്റെ പേരിലുള്ള കുറ്റങ്ങൾ നിഷേധിച്ച സ്ക്വോർട്സോവ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു.

സുരക്ഷാ സംവിധാനങ്ങളുള്ള ജയിലിൽ സ്ക്വോർട്സോവ് ശിക്ഷ അനുഭവിക്കുമെന്ന് കോടതി അറിയിച്ചു. വിധി പുറപ്പെടുവിക്കുമ്പോൾ കറുത്ത വസ്ത്രം ധരിച്ച് കോടതിമുറിക്കുള്ളിൽ നിൽക്കുന്ന ഗ്രിഗറി സ്ക്വോർട്സോവിന്റെ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്.

2024 ഡിസംബറിൽ നാടുകടത്തപ്പെട്ട റഷ്യൻ അഭിഭാഷകനായ പെർവി ഒട്ട്ഡലുമായി നടത്തിയ അഭിമുഖത്തിൽ, ആണവയുദ്ധമുണ്ടായാൽ ഉപയോഗിക്കുന്നതിനായി സോവിയറ്റ് കാലഘട്ടത്തിലെ ഭൂഗർഭ സൗകര്യങ്ങളെക്കുറിച്ചുള്ള പൊതു വിവരങ്ങൾ പുസ്തക രചനയ്ക്കായി താൻ കൈമാറിയതായി സ്ക്വോർട്സോവ് പറഞ്ഞു. ആ വിവരങ്ങൾ ഓൺലൈനിൽ പൊതുവായി ലഭ്യമായതോ വാങ്ങാൻ ലഭ്യമായതോ ആയ വിവരങ്ങളാണ്. അതേസമയം പെർവി ഒട്ട്ഡലുമായുള്ള അഭിമുഖത്തിൽ താൻ ജോലി ചെയ്തിരുന്ന യുഎസ് പത്രപ്രവർത്തകന്റെ പേര് സ്ക്വോർട്സോവ് പരാമർശിച്ചില്ല.

2022-ൽ അയൽരാജ്യമായ ഉക്രെയ്‌നിനെ ആക്രമിച്ചതിനുശേഷം, വിമർശകരായ അക്കാദമിക് വിദഗ്ധരെയും ശാസ്ത്രജ്ഞരെയും പത്രപ്രവർത്തകരെയും പുടിൻ ഭരണകൂടം ജയിലിലടയ്ക്കുകയും ചെയ്തായ ആരോപണങ്ങൾ ശക്തമാണ്.

സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ, “രാഷ്ട്രീയമായി പ്രേരിതവും ഗുരുതരമായ നിയമ ലംഘനങ്ങളാൽ അടയാളപ്പെടുത്തി ചുമത്തപ്പെട്ട് ക്രിമിനൽ പ്രോസിക്യൂഷന് വിധേയരായവരുടെ പട്ടികയിൽ സ്ക്വോർട്സോവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വർഷം ആദ്യം, റഷ്യൻ പ്രതിപക്ഷത്തിനൊപ്പം നിലകൊണ്ട നാല് പത്രപ്രവർത്തകരെ തീവ്രവാദം ആരോപിച്ച് റഷ്യൻ കോടതി അഞ്ചര വർഷം വീതം തടവിന് ശിക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *