വിദ്യാര്‍ഥികളുടെ സൗജന്യ യാത്രാ നിരക്ക് അഞ്ച് രൂപയാക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകള്‍ ജൂലൈ 8ന് സൂചനാ പണിമടക്ക് നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കുമെന്ന് ബസുടമ സംയുക്ത സമിതി തൃശൂരില്‍ അറിയിച്ചു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വ്യാഴാഴ്ച ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് ബസുടമകള്‍ സര്‍ക്കാറിന് മുന്നില്‍വെക്കുന്നത്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക എന്നതാണ് പ്രധാനം. കൂടാതെ, വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ കാലോചിത വര്‍ധന നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. നിലവിലെ വിദ്യാര്‍ഥി കണ്സഷന് സമ്പ്രദായം ബസുടമകള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് ബസുടമകള്‍ പറയുന്നു.
കെ.എസ്.ആര്.ടി.സിയില്‍ നടപ്പാക്കിയതുപോലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് മാത്രം കണ്സഷന് ലഭിക്കുന്ന തരത്തില്‍ ആപ് മുഖേന കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക, ബസ് ഉടമകളില്‍നിന്ന് അമിതമായ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം പിന്‍വലിക്കുക എന്നിവയും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
വാര്‍ത്തസമ്മേളനത്തില്‍ സംയുക്ത സമിതി ചെയര്മാന് ഹംസ എരിക്കുന്നന്‍, ജനറല്‍ കണ്‍വീനര്‍ ടി. ഗോപിനാഥന്, വൈസ് ചെയര്മാന് ഗോകുലം ഗോകുല്‍ദാസ്, ഫെഡറേഷന് പ്രസിഡന്റ് കെ.കെ. തോമസ്, ട്രഷറര്‍ എം.എസ്. പ്രേംകുമാര്‍, ഓര്ഗനൈസേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. പ്രദീപ്, ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുരേഷ്, ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ മുജീബ് റഹ്മാന്, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോസ് ആട്ടോക്കാരന് എന്നിവര്‍ പങ്കെടുത്തു.