കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന്റെ താരലേലം ജൂലൈ അഞ്ചിന്. രാവിലെ 10ന് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ലേലം ആരംഭിക്കുമെന്ന് കെ.സി.എ ഭാരവാഹികള്‍ അറിയിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പ് നടക്കുക.
ജൂലൈ 20ന് വൈകീട്ട് 5.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ലീഗിന്റെ പ്രമോഷന് പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനം നടക്കും. കേരളത്തിന്റെ പ്രധാന ജില്ലകളിലൂടെ സഞ്ചരിക്കുന്ന മേളയുടെ വിളംബര വാഹനത്തിന്റെ ഫ്ളാഗ്ഓഫ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. തുടര്‍ന്ന് ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശയാത്രയുടെ ഉദ്ഘാടനവും മേളയുടെ ഭാഗ്യചിഹ്ന്നത്തിന്റെ പ്രകാശനവും നടക്കും. ഏഴുമുതല്‍ മ്യൂസിക് ബാന്‍ഡായ ‘അഗം’ അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.
രണ്ടാം സീസണ് വന്‍ വിജയമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്. സ്റ്റാര്‍ സ്പോര്‍ട്സ്, ഫാന്‍കോഡ് എന്നിവ കൂടാതെ ഇത്തവണ ഏഷ്യാനെറ്റ് പ്ലസിലും കളികളുടെ തത്സമയ സംപ്രേക്ഷണമുണ്ടാകും. റെഡ് എഫ്.എം ആണ് ലീഗിന്റെ റേഡിയോ പാര്‍ട്ണര്‍.