കെപി മോഹനന്‍ വിഭാഗം ഇടതുമുന്നണിയില്‍ തുടരും
രാഷ്ട്രീയ ജനതാദള്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങുന്നു. കെ.പി.മോഹനന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് എം.വി. ശ്രേയാംസ് കുമാറിന്റെ നീക്കം. യുഡിഎഫ് നേതൃത്വവുമായി ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് വിവരം. അടുത്ത നിയമാസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആര്‍ജെഡിയെ യുഡിഎഫിലെത്തിക്കാനാണ് ശ്രേയാംസിന്റെ ശ്രമം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതിന് മുന്നോടിയായി എല്‍ഡിഎഫില്‍ പൊട്ടിത്തെറി രൂപപ്പെടും. എന്നാല്‍ മുന്നണി മാറ്റത്തോട് ആര്‍ജെഡിയിലെ ഒരു വിഭാഗത്തിന് ശക്തമായ എതിര്‍പ്പാണ്. കെ.പി. മോഹനന്‍ എംഎല്‍എയും മനയത്ത് ചന്ദ്രനും കൂട്ടരും ഇടതു മുന്നണിയില്‍ തുടരും. മുന്നണി മാറ്റത്തിനൊപ്പം ആര്‍ജെഡി പിളരുമെന്നാണ് സൂചനകള്‍.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പറ്റയില്‍ സിപിഎം ശ്രേയാംസിനെ കാലുവാരി തോല്‍പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. അതിന് ശേഷവും സിപിഎമ്മുമായി ശ്രേയാംസ്‌കുമാര്‍ പ്രാദേശിക തലത്തിലും നേതൃതലത്തിലും അകല്‍ച്ച തുടരുകയാണ്. യുഡിഎഫിലേക്കെത്തുമ്പോള്‍ കല്‍പറ്റ സീറ്റായിരിക്കും ശ്രേയാംസിന്റെ ലക്ഷ്യമെന്നാണ് സൂചന. നിലവില്‍ കല്‍പറ്റ എംഎല്‍എയായ ടി. സിദ്ദീഖിനായിരിക്കും ശ്രേയാംസ് വരുമ്പോള്‍ നഷ്ടം സംഭവിക്കുക. എന്നാല്‍ വടകര എംഎല്‍എയായ കെ.പി. മോഹനന്‍ സിപിഎമ്മുമായി നല്ല ബന്ധത്തിലാണ്. അടുത്ത തിരഞ്ഞെടുപ്പിലും മോഹനന്‍ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. മനയത്ത് ചന്ദ്രനും സീറ്റ് ലഭിക്കുമെന്നാണ് സൂചന. ശ്രേയാംസ് മുന്നണി വിട്ടാല്‍ എല്‍ഡിഎഫില്‍ മുന്തിയ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷ മോഹനനും കൂട്ടര്‍ക്കുമുണ്ട്..
അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് വിസ്മയകരമായ രീതിയില്‍ യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കുമെന്നും വിസ്മയകരമായ വാര്‍ത്തകള്‍ ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള യാത്രക്കിടയില്‍ കേരളത്തിലുണ്ടാകുമെന്നും വി.ഡി. സതീശന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് ശ്രേയാംസുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണെന്നാണ് ആര്‍ജെഡിക്കുളളില്‍ നിന്ന് പുറത്തുവരുന്ന വിവരം.
ശ്രേയാംസിന്റെ വരവ് യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. മാതൃഭൂമി പത്രാധിപരും വ്യവസായിയുമായ ശ്രേയാംസ് കുമാര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചവരില്‍ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥിയായിരുന്നു. 84.64 കോടിയുടെ സ്വത്താണ് അന്ന് അദ്ദേഹത്തിനുണ്ടായിരുന്നത്.