ഡിജിപി ചുരുക്കപ്പട്ടികയായി; നിധിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരിലൊരാള്‍ പോലീസ് മേധാവിയാകും; എംആര്‍ അജിത്കുമാറും മനോജ് എബ്രഹാമും പുറത്ത്

സംസ്ഥാന ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായി. റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന യു പി എസ് സി യോഗത്തിലാണ് സംസ്ഥാന പോലീസ് മേധാവിമാരുടെ ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായത്. എം.ആര്‍. അജിത് കുമാറിനെ കൂടാതെ സുരേഷ് രാജ് പുരോഹിതിനെയും ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിനെയും പട്ടികയില്‍നിന്ന് ഒഴിവാക്കി. എം.ആര്‍. അജിത് കുമാറിനെ പട്ടികയില്‍ നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.
യു പി എസ് സി നല്‍കിയ പട്ടികയിലുള്ള മൂന്നു പേരും സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുളളവരല്ലെന്നതാണ് ശ്രദ്ധേയം. എം.ആര്‍. അജിത് കുമാറോ മനോജ് എബ്രഹാമോ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ സര്‍ക്കാര്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട മൂന്നു പേരില്‍ റവാഡ ചന്ദ്രശേഖറിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. അദ്ദേഹം അടുത്തിടെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെയടക്കം കണ്ടിരുന്നു.
കണ്ണൂര്‍ എ.എസ്.പിയായിരിക്കെ കൂത്തുപറമ്പ് വെടിവെയ്പ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് റവാഡ ചന്ദ്രശേഖര്‍. പിന്നീട് സുപ്രീം കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ചാരക്കേസിലും പാലക്കാട് സിറാജുന്നീസ വെടിവെയ്പ്പിലും കുറ്റാരോപിതനായിരുന്ന കെ. കരുണാകരന്റെ വിശ്വസ്തന്‍ രമണ്‍ ശ്രീവാസ്തവയെ ഇടതു സര്‍ക്കാരിന് ഡി.ജി.പിയാക്കേണ്ടി വന്നിട്ടുണ്ട്. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേഷ്ടാവായും അദ്ദേഹത്തെ നിയമിച്ചിരുന്നു.
നിലവിലെ സംസ്ഥാന പോലീസ് മേധാവിയായ ഷേഖ് ദര്‍വേസ് സാഹിബ് ജൂണ്‍മാസമാണ് വിരമിക്കുന്നത്. അതിനാല്‍ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്ന ആറുപേരുടെ പട്ടികയാണ് കേന്ദ്രാനുമതിക്കായി അയച്ചത്. 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇതില്‍ ആദ്യത്തെ മൂന്നുപേരാണ് യുപിഎസ്സി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *