ക്യാപ്റ്റന്‍ പ്രയോഗത്തില്‍ പരിഭവം പ്രകടിപ്പിച്ച് ചെന്നിത്തല; താന്‍ ക്യാപ്റ്റനെങ്കില്‍ ചെന്നിത്തല മേജറെന്ന് സതീശന്‍

താന്‍ പ്രതിപക്ഷനേതാവ് ആയിരുന്നപ്പോള്‍ നിരവധി ഉപതെരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ടെങ്കിലും തന്നെ ആരും ക്യാപ്റ്റന്‍ എന്ന് വിളിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്നെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല മേജറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
നിലമ്പൂരിലെ കോണ്‍ഗ്രസ് വിജയത്തെ തുടര്‍ന്ന് വി.ഡി. സതീശനെ ചില മാധ്യമങ്ങള്‍ ക്യാപ്റ്റന്‍ എന്ന വിശേഷിപ്പിക്കുന്നതിനെ പരാമര്‍ശിച്ചാണ് ചെന്നിത്തല ഒരു ചാനല്‍ അഭിമുഖത്തില്‍ പരിഭവം പ്രകടിപ്പിച്ചത്. ‘ഞാന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചില്ലല്ലോ. എത്രയോ ഉപതെരഞ്ഞെടുപ്പ് ഞാന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ജയിച്ചു. അന്ന് ആരും ക്യാപ്റ്റന്‍ എന്നുള്ള പദവി എനിക്ക് തന്നില്ല. അതെന്താണ് തരാഞ്ഞത്. അതൊക്കെയാണ് ഡബിള്‍ സ്റ്റാന്‍ഡ് എന്ന് പറയുന്നത്. തീര്‍ച്ചയായും പ്രതിപക്ഷനേതാവിന് ഈ വിജയത്തില്‍ മുഖ്യപങ്ക് ഉണ്ട്. പ്രതിപക്ഷനേതാവ് ആരായാലും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അദ്ദേഹത്തിന് അതിന്റെ ക്രെഡിറ്റ് ഉണ്ട്. അതില്‍ സംശയമില്ല. പക്ഷേ ഞാന്‍ വിജയിച്ചപ്പോള്‍ എന്നെ ആരും ക്യാപ്റ്റനും ആക്കിയില്ല, കാലാള്‍പ്പട പോലും ആക്കിയിട്ടില്ല. ഒരു ചാനലും ഒരു പത്രവും ഇങ്ങനെ ഒരു വിശേഷണം നല്‍കിയില്ല. എനിക്ക് അതിലൊന്നും പരാതിയില്ല രമേശ് ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കും ഇങ്ങനെ പദവികളൊന്നും ആരും നല്‍കിയില്ലെന്നും ചെന്നിത്തല പറ!ഞ്ഞു. ഞാനും ഉമ്മന്‍ചാണ്ടിയും ജയിച്ച കാലഘട്ടത്തില്‍ ഞങ്ങള്‍ക്കൊന്നും ആ പരിവേഷം ആരും തന്നിട്ടില്ല. ഇതൊന്നും മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല.’
ഇതിനൊക്കെ പിന്നില്‍ ഒരു പിആര്‍ പ്രവണത സംശയിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു ചെന്നിത്തല മറുപടി നല്‍കിയത് ഇങ്ങനെ: ‘ നമ്മളൊക്കെ എത്രയോ കാലമായി ഈ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവരാ. ഏതെങ്കിലും പത്രത്തിന്റെയോ ചാനലിന്റെയോ പിന്‍ബലത്തില്‍ അല്ലല്ലോ നമ്മളൊക്കെ നില്‍ക്കുന്നെ.’
ചെന്നിത്തലയുടെ പരിഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ വി.ഡി. സതീശനോട് പ്രതികരണം ആരാഞ്ഞപ്പോഴാണ് തന്നെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ ചെന്നിത്തല മേജറാണെന്ന് മറുപടി നല്‍കിയത്. വ്യക്തികേന്ദ്രീകൃതമല്ല തിരഞ്ഞെടുപ്പു വിജയമെന്നും ടീം യുഡിഎഫിന്റെ വിജയമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *