സംവിധായിക മീര നയ്യാരുടെ മകനാണ് സുഹ്റാന്‍ മംദാനി
ഇടതുപക്ഷക്കാരനും ഫലസ്തീന് അനുകൂല നിലപാടുള്ളയാളുമായ ഇന്തോ അമേരിക്കന്‍ വംശജന് സുഹ്റാന്‍ മംദാനി ന്യൂയോര്‍ക്കില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകുകയും മേയറാകുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ നിലവിട്ട് അധിക്ഷേപം ചൊരിഞ്ഞ് തീവ്രവലതുപക്ഷക്കാരനായ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.
‘ഒടുവില്‍ അത് സംഭവിച്ചു, ഡെമോക്രാറ്റുകള്‍ അതിരുകടന്നു. നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സോഹ്റാന്‍ മംദാനി ഡെമോക്രാറ്റ് പ്രൈമറിയില്‍ വിജയിച്ച് മേയറാകാനുള്ള വഴിയിലാണ്. മുമ്പും റാഡിക്കല്‍ ഇടതുപക്ഷക്കാര്‍ ഉണ്ടായിട്ടുണ്ട്, പക്ഷേ ഇത് അല്പം അതിരുകടക്കുന്നു. അവന്റെ രൂപം ഭയാനകമാണ്, ശബ്ദം ശല്യപ്പെടുത്തുന്നതാണ്, അവന് അത്ര ബുദ്ധിമാനല്ല, മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു. നമ്മുടെ മഹാനായ ഫലസ്തീന് സെനറ്റര്‍, ചക്ക് ഷൂമര്‍, അവനെ വണങ്ങുകയാണ്. അതെ, ഇത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു വലിയ നിമിഷമാണ്!’-ട്രൂത്ത് സോഷ്യലില്‍ ട്രംപ് പോസ്റ്റ് ചെയ്തു.
ട്രംപിനും യാഥാസ്ഥിതികര്‍ക്കും കനത്ത തിരിച്ചടി നല്‍കിയാണ് 33കാരനായ സുഹ്റാന്‍ മംദാനി അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി വരുന്നത്. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെയാണ് ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള മത്സരത്തില്‍ മംദാനി അട്ടിമറിച്ചത്. ഇതോടെ ഡെമോക്രാറ്റുകള്‍ക്ക് ആധിപത്യമുള്ള ന്യൂയോര്‍ക് നഗരത്തില്‍ ആദ്യമായി മുസ്ലിം മേയര്‍ ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞു.
പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഇന്തോ-ഉഗാണ്ടന്‍ അക്കാദമീഷ്യന് മഹ്മൂദ് മംദാനിയുടെയും മകനാണ് സുഹ്റാന്‍. 1991 ഒക്ടോബര്‍ 18ന് ഉഗാണ്ടയിലെ കാംപ്ലയില്‍ ജനിച്ച മംദാനി ന്യൂയോര്‍ക് സിറ്റിയിലാണ് വളര്‍ന്നത്. ഏഴ് വയസ്സുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പം ന്യൂയോര്‍ക്കിലേക്ക് താമസം മാറി.
ഇസ്രായേല്‍-സയണിസ്റ്റ് അനുകൂലിയായ ന്യൂയോര്‍ക് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്വോമോക്കിനെയാണ് മംദാന് അട്ടിമറിച്ചത്. 93 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 43.5 ശതമാനം വോട്ടോടെയാണ് 33കാരനായ സുഹ്റാന്‍ മംദാനി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. അന്തിമഫലം പുറത്തുവരാന്‍ ദിവസങ്ങളെടുക്കും. ക്രിസ്ത്യന്‍ വോട്ടുകളും ജൂതവോട്ടുകളും സ്വന്തമാക്കുമെന്ന് കരുതിയിരുന്ന ആന്‍ഡ്ര്യൂ ക്വോമോ ആഴ്ചകള്‍ മുമ്പുവരെ അനായാസ ജയം നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മംദാനിയുടെ പുരോഗമന ആശയങ്ങളും ഗസ്സക്കും ഇറാനും മേലുള്ള ഇസ്രായേല്‍ അതിക്രമങ്ങളും അമേരിക്കന്‍ ജനതയെ സ്വാധീനിച്ചെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.