‘ചുരുളി’യിലെ തങ്കന്‍ചേട്ടന്റെ തെറിവിളി, ജോജു ജോര്‍ജിനെ തള്ളി ലിജോ ജോസ് പെല്ലിശേരി

ചുരുളിയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്നും തെറി പ്രയോഗമുള്ള വെര്‍ഷന്‍ അവാര്‍ഡിന് മാത്രമേ അയക്കൂവെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നുമുള്ള നടന്‍ ജോജു ജോര്‍ജിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകന്‍ പ്രതികരിച്ചത്. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ഉള്‍പ്പടെയുള്ള വിവരങ്ങളും ലിജോ ജോസ് പെല്ലിശേരി പങ്കുവച്ചിട്ടുണ്ട്. 2019 ഡിസംബര്‍ 20ന് നിര്‍മാതാവ് ചെമ്പന്‍ വിനോദ് ജോസിന്റെ എക്കൗണ്ടില്‍ നിന്ന് ജോജു ജോര്‍ജിന്റെ ബാങ്ക് എക്കൗണ്ടിലേക്ക് 5,40,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ റെസീറ്റും ലിജോ പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിര്മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈകോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍ എന്ന കഥാപാത്രം. ഒരവസരമുണ്ടായാല്‍ ഉറപ്പായും സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേര്‍ക്കുന്നു.’
സിനിമയ്ക്ക് രണ്ട് പതിപ്പുകളുണ്ടായിരുന്നുവെന്നും തെറി പറയുന്ന ഭാഗം തന്നോട് പറയാതെയാണ് റിലീസ് ചെയ്തതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോജു ജോര്‍ജ് പറഞ്ഞത്. ”തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാന്‍ തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. അങ്ങനെയാണ് വരുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല. അതില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഞാനത് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ആരും എന്നെ വിളിച്ച് ചോദിച്ചില്ല, മര്യാദയുടെ പേരില്‍ പോലും. പക്ഷെ ഞാന്‍ ജീവിക്കുന്ന എന്റെ നാട്ടില്‍ അതൊക്കെ വലിയ പ്രശ്നമായി. നന്നായി തെറി പറയുന്ന നാടാണ്. പക്ഷെ ഞാന്‍ പറഞ്ഞത് പ്രശ്നമായി,’ ജോജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *