ഭാരതാംബ ചിത്രത്തിന്റെ പേരില്‍ സംഘര്‍ഷം, വിട്ടുവീഴ്ചക്കില്ലെന്ന് ഗവര്‍ണര്‍

വര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം വച്ചതിനെ തുടര്‍ന്ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘര്‍ഷം. എസ്എഫ്ഐ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. വന്‍ പ്രതിഷേധം അവഗണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പരിപാടിക്കെത്തി. സെനറ്റ് ഹാളില്‍ ശ്രീപത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്നാണ് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ചിത്രം നീക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചതോടെ പ്രതിഷേധം കനത്തു. ചിത്രം മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. ചിത്രംവച്ച് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാല അധികൃതരും നിലപാടെടുത്തു. പരിപാടി ബുക്ക് ചെയ്യുന്ന സമയത്തുതന്നെ കൃത്യമായ നടപടിക്രമങ്ങള്‍ അറിയിച്ചിരുന്നുവെന്നും മതചിഹ്നങ്ങള്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സര്‍വകലാശാല റജിസ്ട്രാര്‍ പറഞ്ഞു. ഒടുവില്‍ പരിപാടി റദ്ദാക്കിയതായി സംഘാടകള്‍ അറിയിച്ചെങ്കിലും പിന്നാലെ ഗവര്‍ണര്‍ എത്തുമെന്ന് അറിയിപ്പു വന്നു. ഇതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി.
എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സെനറ്റ് ഹാളില്‍ വന്‍ സംഘര്‍ഷം അരങ്ങേറി. കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഗവര്‍ണര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി പരിപാടിയില്‍ പങ്കെടുത്തു. വന്‍ പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി, എബിവിപി പ്രവര്‍ത്തകര്‍ ഗവര്‍ണറെ സെനറ്റ് ഹാളിലേക്ക് ആനയിച്ചത്. പ്രധാനഗേറ്റില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ സമീപത്തുള്ള ഗേറ്റിലൂടെയാണ് വന്‍സുരക്ഷയ്ക്കു നടുവിലൂടെ ഗവര്‍ണര്‍ മടങ്ങിയത്.

എവിടെ പോകണമെന്ന് താന്‍ തീരുമാനിക്കുമെന്ന് ഗവര്‍ണര്‍

കേരളത്തിലേക്കു വരുമ്പോള്‍ ഏറ്റുമുട്ടലിന് ഇല്ലെന്ന് പറഞ്ഞതിന്റെ അര്‍ഥം വിട്ടുവീഴ്ച ചെയ്യുമെന്ന് അല്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സംസാരിക്കാന്‍ പോലും അനുവദിക്കാത്ത തരത്തിലുള്ള അസഹിഷ്ണുത അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ‘അടിയന്താരാവസ്ഥയുടെ അന്‍പതാണ്ടുകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ ഓര്‍മിപ്പിക്കുന്ന സാഹചര്യമാണ് അരങ്ങേറിയതെന്നു ഗവര്‍ണര്‍ പറഞ്ഞു. തന്റെ ശൈലിയും രീതിയും ആരുവിചാരിച്ചാലും മാറ്റാനാവില്ല. തര്‍ക്കത്തിനില്ലെന്ന് പറഞ്ഞാല്‍ ഒത്തുതീര്‍പ്പിനെന്ന് കരുതരുത്. എവിടെ എങ്ങനെ പോകണമെന്ന് താന്‍ തീരുമാനിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെതിരെ എസ്എഫ്ഐയും കെഎസ്യുവും വന്‍പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയായിരുന്നു ഗവര്‍ണറുടെ പ്രസംഗം. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് താന്‍ കണ്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *