ജെ.എസ്.കെ- ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. സൂക്ഷ്മ പരിശോധനക്കായി സെന്‍സര്‍ ബോര്‍ഡിന്റെ റിവ്യൂ കമ്മിറ്റി നാളെ സിനിമ കാണും. തുടര്‍ന്ന് തീരുമാനം എന്താണെന്ന് അറിയിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.
സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഓരോ ദിവസവും റിലീസിങ് തിയതി നീട്ടിവെക്കുമ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാന്‍ ഇവിടെ ഭരിക്കുന്നത് താലിബാന്‍ അല്ലെന്ന് സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ: ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള’ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസത്തില്‍ ദൈവത്തിന്റെ പേര് സിനിമയില്‍ ഉപയോഗിക്കരുത് എന്ന് പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണെന്നും പ്രവീണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സിനിമ പറയാനുദ്ദേശിക്കുന്ന പ്രമേയം സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിക്ക് മനസിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രവീണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. റിവൈസിങ് കമ്മിറ്റി ചിത്രം കണ്ട് വെള്ളിയാഴ്ചയ്ക്ക് മുമ്പായി നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് പ്രവീണിന്റെ പ്രതികരണം.
ജൂണ്‍ 27 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. സിനിമക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാമനുമതി നിഷേധിച്ചത്. ഹൈന്ദവ ദൈവത്തിന്റെ പേരാണ് ജാനകി എന്നും സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. എന്നാല്‍ പേര് മാറ്റാന്‍ കഴിയില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്.
വക്കീലിന്റെ വേഷത്തിലാണ് സുരേഷ് ഗോപി സിനിമയില്‍ എത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അനുപമ പരമേശ്വരന്‍ എന്നിവരും സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അഷ്‌കര്‍ അലി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, നിഷ്താര്‍ സേത്ത്, ഷോബി തിലകന്‍, ദിലീപ് മേനോന്‍, വൈഷ്ണവി രാജ്, അപര്‍ണ, രതീഷ് കൃഷ്ണന്‍, ജയ് വിഷ്ണു, ഷഫീര്‍ ഖാന്‍, ജോസ് ചെങ്ങന്നൂര്‍, യദു കൃഷ്ണന്‍, രജത് മേനോന്‍, അഭിഷേക് രവീന്ദ്രന്‍, കോട്ടയം രമേഷ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.
കോസ്മോസ് എന്റര്‍ടൈന്‍മെന്റ്‌സ്, കാര്‍ത്തിക് ക്രിയേഷന്‍സ് എന്നിവയുടെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്. സിനിമയുടെ തിരക്കഥ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. ഗിരീഷ് നാരായണനാണ് സിനിമയുടെ സൗണ്ട് ട്രാക്ക് ഒരുക്കിയത്. സംജിത് മുഹമ്മദാണ് എഡിറ്റര്‍.









